
കുവൈത്തിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തിൽ തൊഴിലുടമ എന്തെങ്കിലും കുറവ് വരുത്തുന്ന സാഹചര്യത്തിൽ കാര്യകാരണങ്ങള്‍ ‘സഹൽ’ ആപ്പ് വഴി തൊഴിലാളികളെ അറിയിക്കാന്‍ പുതിയ സംവിധാനം നടപ്പിലാക്കി അതോറിറ്റി ഫോർ മാന്പവർ (പി എ എം). പ്രതിമാസ ശമ്പളത്തിൽ തൊഴിലുടമ എന്തെങ്കിലും കുറവ് വരുത്തുന്ന സാഹചര്യത്തിൽ, കുറവിന്‍റെ തുകയും അതിന് നൽകിയ കാരണവും ആപ്പ് വഴി തൊഴിലാളിയെ നേരിട്ട് അറിയിക്കണം.
തൊഴിലാളികളുടെ ശമ്പളം നിശ്ചിത സമയത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും, ശമ്പള നിക്ഷേപത്തിൽ ഉണ്ടാകുന്ന താമസങ്ങളും കുറവുകളും കണ്ടെത്തി നിയന്ത്രിക്കാനുമുള്ള പി എ എം-ന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ സേവനം. സ്വകാര്യ സ്ഥാപനങ്ങൾ ശമ്പള സംരക്ഷണ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാൻ പി എ എം ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് ഇതിന് അടിസ്ഥാനമാകുന്നത്.
ശമ്പള നിക്ഷേപത്തിൽ ഏതെങ്കിലും കുറവ് കണ്ടെത്തിയാൽ, അതത് വിവരം പി എ എം-ന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ സ്വമേധയാ രേഖപ്പെടുത്തും. തുടർന്ന്, കുറവിന് കാരണം വ്യക്തമായി വിശദീകരിക്കുന്നതുവരെ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുന്നതാണ് നടപടി. ഇതോടെ കമ്പനി ഫയലുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളും നടപടിക്രമങ്ങളും താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കുറവ് രേഖപ്പെടുത്തിയതോടൊപ്പം, ബന്ധപ്പെട്ട തൊഴിലാളിക്ക് ‘സഹൽ’ ആപ്പ് വഴി ശമ്പളത്തിൽ വരുത്തിയ കുറവിന്റെ വിശദാംശങ്ങളും തൊഴിലുടമ നൽകിയ കാരണവും ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ ലഭിക്കും. ഇതുവഴി ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് ഉടൻ അറിയാൻ സാധിക്കുകയും, അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശമ്പള നിക്ഷേപത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പി എ എം മുന്നറിയിപ്പ് നൽകി. ആവശ്യമായ ശമ്പള നിക്ഷേപ നടപടികൾ പൂർത്തിയാക്കി പ്രശ്നം പരിഹരിക്കുന്നതുവരെ കമ്പനി ഫയൽ നിർത്തിവയ്ക്കുകയോ താൽക്കാലികമായി അടയ്ക്കുകയോ ചെയ്യുന്ന നിയന്ത്രണം തുടരുമെന്നും അറിയിച്ചു.
തൊഴിൽ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി, തൊഴിലാളി ജോലിക്ക് ഹാജരാകാത്ത ദിവസങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ, തൊഴിലാളിയെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റ് തൊഴിൽ നടപടികൾ തുടങ്ങിയവ സംബന്ധിച്ചും ‘സഹൽ’ സംവിധാനം വഴിയുള്ള അറിയിപ്പുകൾ തുടർന്നും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

