പുകയിൽ വലഞ്ഞ് ന്യൂയോർക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, സ്കൂളുകൾക്ക് അവധി

കാനഡയിലെ കാട്ടുതീ പുക കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍ അതീവ ഗുരുതര സാഹചര്യം. മാസ്‌ക് ഉപയോഗിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. പുക പടരുന്ന സാഹചര്യത്തിൽ നഗരത്തില്‍ മാസ്‌ക് വിതരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള മേഖലയില്‍ പുക മൂടിയിരുന്നു.

അതേസമയം, ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുക പ്രാദേശീക വിമാന സര്‍വീസുകളെയും ബാധിച്ചു. പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പുക കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. സാഹചര്യങ്ങള്‍ വിലയിരുത്താനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രുഡോയുമായി ആശയവിനിമയം നടത്തി.

കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഒഹിയോ വാലി, മിഷിഗണിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പുക പടർന്നിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടോടെ ഓജ ബുഗുമുവിലെ ക്രീ എന്ന ആദിവാസി ഗോത്രവിഭാഗമാണ് മോണ്‍ട്രിയാല്‍ നഗരത്തിന് 750 കിലോമീറ്റര്‍ വടക്ക് കാട്ടുതീ പടരുന്നുണ്ടെന്ന് ആദ്യം ലോകത്തെ അറിയിച്ചത്. പിന്നീട് നോര്‍ത്തേണ്‍ ക്യൂബക്കിലെ 11,000 പേരടക്കം ഇരുപതിനായിരം മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിലയിരുത്തിയ തീ ഇപ്പോഴും 150 വനപ്രദേശങ്ങളില്‍ നിന്ന് കത്തുകയാണ്. ന്യൂ ജേഴ്‌സി നഗരത്തിന്റെ ഇരട്ടിയോളം വരുന്ന ഭൂവിഭാഗത്തെ കാട്ടുതീ പൂര്‍ണ്ണമായും കത്തിച്ച് നശിപ്പിച്ചിരിക്കുകയാണ്. 38 ലക്ഷം ഹെക്ടര്‍ വനം കത്തിത്തീര്‍ന്നുവെന്നാണ് നാഷണല്‍ ഫയര്‍ ഡാറ്റാബേസിന്റെ കണക്ക്.

Also Read: ‘ആത്മീയ സൗഖ്യം തേടി പരിചയപ്പെട്ടു’; മഠാധിപതിയെ ഫേസ്ബുക്ക് പെണ്‍സുഹൃത്ത് പറ്റിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here