ഇഎം സ്റ്റീഫന്റെ ‘കേരള സെന്റര്‍: ഒരു ചരിത്ര രേഖ’ പുസ്തകം പ്രകാശനം ചെയ്തു

book-release-em-stephen

അലക്‌സ്

ന്യുയോര്‍ക്ക്: മൂന്ന് പതിറ്റാണ്ടായി അമേരിക്കന്‍ മലയാളിയുടെ മേല്‍ വിലാസമായി നിലകൊള്ളുന്ന കേരള സെന്ററിന്റെ സ്ഥാപകന്‍ ഇഎം സ്റ്റീഫന്‍ എഴുതിയ ‘കേരള സെന്റര്‍: ഒരു ചരിത്ര രേഖ’ പ്രകാശനം ചെയ്തു. സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദ്യകാല മലയാളി പ്രൊഫ. ജോസഫ് ചെറുവേലി, ഫൊക്കാന മുന്‍ പ്രസിഡന്റും ജനനി പത്രാധിപരുമായ ജെ മാത്യൂസിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. നേരത്തേ ജോൺ പോൾ എഴുതിയ ‘ഒരു യാത്രയുടെ ലക്ഷ്യം’ എന്ന പുസ്തകം പ്രൊഫ. തെരേസ ആന്റണിക്ക് കോപ്പി നല്‍കി ഡോ. ശശിധരന്‍ കൂട്ടാല പ്രകാശനം ചെയ്തിരുന്നു. പിടി പൗലോസ് അധ്യക്ഷത വഹിച്ചു.

കേരള സെന്ററിന്റെ തുടക്കകാലത്തെ വിഷമതകളും സ്റ്റീഫനും സഹപ്രവര്‍ത്തകരായ ജോസ് ചുമ്മാര്‍ കോരക്കുടിലില്‍, അലക്‌സ് എസ്തപ്പാന്‍, തമ്പി തലപ്പിള്ളി തുടങ്ങിയവരും നേരിട്ട വിഷമതകള്‍ പരിപാടിയിൽ അയവിറക്കി. വൈഎം സിയ ബില്‍ഡിംഗിലെ കുളം നികത്തിയാണ് ഇപ്പോഴത്തെ ഹാള്‍ നിര്‍മിച്ചത്. അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളിവെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം പുസ്തകരൂപത്തില്‍ ഇറങ്ങി എന്നത് ചെറിയകാര്യമല്ല. വര്‍ഷാവസാനം ഏറ്റവും ധന്യമായ ഒരു വര്‍ഷമായി മാറിയത് ഈ പുസ്തകം കൈയില്‍ കിട്ടിയതുകൊണ്ട് കൂടിയാണ്. ന്യൂയോര്‍ക്കിലെ കേരള സെന്റര്‍ രൂപീകരണത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ഒരു പോരാട്ടത്തിന്റെ അതിജീവനത്തിന്റെ അനുഭവ കഥയാണ്. നടന്ന വഴികള്‍ ദുരിത പൂര്‍ണമായ ഭൂതകാലത്തിന്റേത് ആകുമ്പോള്‍ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ പോരാടിയവര്‍ക്ക് അത്ര നിസ്സാരമായിരുന്നില്ല ആ യാത്ര. ജോണ്‍ എഫ് കെന്നഡി പറഞ്ഞതു പോലെ ‘നിങ്ങളുടെ നാട് നിങ്ങള്‍ക്കു വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം അപ്രസക്തമാണ്, എന്നാല്‍ നിങ്ങള്‍ സ്വദേശത്തിനു വേണ്ടി എന്ത് ചെയ്തുവെന്നതാന് പ്രസക്തം -പ്രധാനവും’. അതെ, മഹനീയമായ ഈ ചോദ്യത്തിന് ഉത്തരമാണ് ഇഎം സ്റ്റീഫനെന്ന നാട്ടിൻപുറത്തുകാരനായ അമേരിക്കന്‍ പ്രവാസിയുടെയും മറ്റുള്ളവരുടെയും അഭിമാനകരമായ കഠിനാധ്വാനത്തിന്റെ പൂര്‍ത്തീകരണമായി നിലകൊള്ളുന്ന ന്യൂയോര്‍ക്കിലെ കേരള സെന്റർ. അതിന്റെ ചരിത്രമാണ് ഈ പുസ്തകത്തില്‍. തീര്‍ച്ചയായും ഫൊകാനയും ഫോമയും വേള്‍ഡ് മലയാളിയും അവയിലെ പ്രവര്‍ത്തകരും നേതാക്കളും ഒക്കെ വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് ജോസ് കാടാപുറം തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

Read Also: ജോൺ പോളിന്‍റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ പ്രകാശനം ചെയ്തു

മഹത്തുക്കളായ രണ്ട് വ്യക്തികളുടെ, അതിലുപരി നന്മയുള്ള രണ്ട് പേരുടെ, ജീവിത കഥയാണ് ഇവിടെ പ്രകാശനം ചെയ്യപ്പെടുന്നതെന്ന് പ്രൊഫ. ചെറുവേലി പറഞ്ഞു. 1967ല്‍ തന്റെ 30-ാം ജന്മദിനം ആഘോഷിക്കാന്‍ ബാറ്ററി പാര്‍ക്കില്‍ നിന്ന് ഇന്‍വുഡ് പാര്‍ക്ക് വരെ ഒട്ടേറെ മൈലുകള്‍ താനും സുഹൃത്തുക്കളും നടക്കുകയുണ്ടായി. ഇന്നിപ്പോള്‍ വാക്കര്‍ സഹായമില്ലാതെ 30 അടി നടക്കാനാവില്ല. ഒരിക്കലും പ്രായമാകരുത് എന്നതാണ് എല്ലാവരോടുമുള്ള തന്റെ ഉപദേശം. ഈ പരിപാടി സംഘടിപ്പിച്ചത് സര്‍ഗവേദിയാണ്. ഞങ്ങള്‍ 8 പേർ ചേര്‍ന്നാണ് അതിന് തുടക്കിട്ടത്. ഗോപാലന്‍ നായര്‍, ജോയി ലൂക്കോസ്, ഡോ. ഇല്ലിക്കല്‍, ലില്ലിക്കുട്ടി ഇല്ലിക്കല്‍ എന്നീ നാല് പേര്‍ ഇപ്പോഴില്ല. അവശേഷിക്കുന്നത് ജയന്‍ കെസി, മനോഹര്‍ തോമസ്, സുധീര്‍ പണിക്കവീട്ടില്‍ പിന്നെ താനുമാണ്. താനൊരു കാപിറ്റലിസ്‌റ്റ് ചിന്താഗതിക്കാരനും മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. സ്റ്റീഫന് അവയോട് താത്പര്യമില്ല എന്നറിയാം. സെന്റര്‍ ഫലവത്താക്കുന്നതില്‍ സ്റ്റീഫന്റെ പ്രയത്‌നങ്ങളും നേരിട്ട വിഷമതകളും ഒരിക്കലും മറക്കാവുന്നതല്ല. അദ്ദേഹത്തിന്റെ പേര് അനശ്വരമാക്കാന്‍ ഈ ഹാളിന് ഇഎം സ്റ്റീഫന്‍ ഹാള്‍ എന്ന് പേരിടാമെന്നാണ് തന്റെ അഭിപ്രായം. വിക്ടോറിയ രാജ്ഞിയുടെ ജൂബിലി പ്രമാണിച്ച് തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ നിര്‍മിച്ചതും മുംബൈയില്‍ വിക്ടോറിയ ടെര്‍മിനസ് ഉണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഒരിക്കലും അങ്ങനെ പേരിടരുതെന്ന് ജെ മാത്യൂസ് പറഞ്ഞു. സ്ഥാപനത്തിന്റെ വ്യക്തിത്വത്തിന് തന്നെ എതിരാണ് അത്. തങ്ങളുടെ പേര് നിലനിര്‍ത്താന്‍ രാജാക്കന്മാരും മറ്റും മുമ്പ് അത് ചെയ്തിരിക്കാം. പക്ഷെ ഈ സ്ഥാപനം ജനങ്ങളുടേതാണ്. ഇവിടെ ആദ്യത്തെ പൊതുപരിപാടി ആയി നടന്നത് ജോസ് ചുമ്മാര്‍ കോരക്കുടിലിന്റെ കുട്ടിയുടെ മാമ്മോദീസാ ആഘോഷമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പിന്നീടത് നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷിയായി. ഈയിടെ ലാനയുടെ ത്രിദിന സാഹിത്യസമ്മേളനവും നടന്നു. ഏതാനും വർഷം കഴിയുമ്പോള്‍ ഈ സ്ഥാപനം ആരുണ്ടാക്കി എന്ന സംശയം വരും. അതിനാല്‍ ഈ പുസ്തകം ഒരു ചരിത്ര രേഖയായി നിലകൊള്ളും. കടുത്ത തണുപ്പും ചൂടും സഹിച്ച് സ്റ്റീഫന്‍ ഇതിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ അദ്ദേഹത്തിന് തുണയായി നിന്ന ഭാര്യ ചിന്നമ്മയുടെ സംഭാവനയും വിസ്മരിക്കാനാവില്ല. ഇത് കേരള സെന്ററിന്റെയും അമേരിക്കന്‍ മലയാളിയുടെയും ചരിത്രമാണ്. എംകെ സാനു സ്റ്റീഫനെ വിശേഷിപ്പിച്ചത് ഒരു സാഹസികന്‍ എന്നാണ്. ഒഴുക്കിനെതിരെ ആയിരുന്നു സ്റ്റീഫന്റെ നീക്കം. മുമ്പൊരിക്കല്‍ കേട്ട ഒരു സംഭാഷണ ശകലം ഓര്‍ക്കുന്നു. ഒരാള്‍ പറഞ്ഞു, സ്റ്റീഫന്‍ ഒരു വിഡ്ഢിയാണെന്നും കേരള സെന്ററിന് പകരം ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് പണിത് പണമുണ്ടാക്കാമായിരുന്നു എന്നും. സ്റ്റീഫനെ അറിയാവുന്ന രണ്ടാമത്തെ ആള്‍ പറഞ്ഞത്, അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സ്റ്റീഫന്‍ അത് വരുമാനം കുറഞ്ഞ ആളുകള്‍ക്ക് കൊടുക്കുകയും അവര്‍ക്ക് കറന്റ് ബില്‍ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള പണം കൂടി കയ്യില്‍ നിന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു എന്നാണ്. നമുക്ക് ഒരുപാട് പള്ളികളും ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഇത് പോലുള്ള അഞ്ച് സ്ഥാപനങ്ങള്‍ മാത്രമേ മലയാളിയയുടേതായി അമേരിക്കയില്‍ ഉള്ളൂ എന്നത് ഖേദകരമാണെന്നും ജെ മാത്യൂസ് പറഞ്ഞു.

എഫ്ഐഎ മുതല്‍ ഗോപിയോ വരെ പല സംഘടനകള്‍ താന്‍ സ്ഥാപിച്ചത് ഡോ. തോമസ് അബ്രഹാം ചൂണ്ടിക്കാട്ടി. എണ്‍പതുകളുടെ അവസാനം കേരള സെന്റര്‍ സ്ഥാപിക്കാന്‍ നിര്‍ദേശം വന്നപ്പോള്‍ പലരും സംശയിച്ചപ്പോഴും അതിനായി ശക്തമായി ഇറങ്ങിയത് ഇഎം സ്റ്റീഫനാണ്. സ്റ്റീഫന്റെ കടുംപിടുത്തമാണ് സെന്റര്‍ രൂപം കൊള്ളുന്നതിനു കാരണമായത്. സെന്ററിന്റെ വളര്‍ച്ചയിലും പ്രസിഡന്റ് എന്ന നിലയിലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലും വലിയ പങ്കും വഹിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരേ രാഷ്ട്രീയ ആശയങ്ങള്‍ ഉള്ളവര്‍ എന്ന നിലയിലാണ് സ്റ്റീഫനുമായി താന്‍ കൂടുതല്‍ അടുത്തതെന്ന് മലയാളം പത്രത്തിന്റെ എഡിറ്ററായിരുന്ന ജേക്കബ് റോയ് പറഞ്ഞു. ഇപ്പോള്‍ മതസ്ഥാപനങ്ങള്‍ മതേതര സ്ഥാപനങ്ങളെ വിഴുങ്ങുന്നു. ഒരാള്‍ മരിച്ചാല്‍ മതസ്ഥാപനങ്ങളെയാണ് ജനം സമീപിക്കുകയെന്ന് പ്രൊഫ. ചെറുവേലി പറഞ്ഞു. മരണം, വിവാഹം, മാമ്മോദീസ ഒക്കെയാണ് വൈദികരുടെ ജോലി. മുമ്പ് അവയൊന്നും കാര്യമായി ഇല്ലായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. സ്റ്റീഫന്റെ പ്രയത്‌നം സമൂഹത്തിനു എത്ര ഗുണകരമായി എന്നതു തെളിവായി നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരെങ്കിലുമൊക്കെ കാണുന്ന സ്വപ്‌നങ്ങളാണ് സ്ഥാപനങ്ങളായും പ്രസ്ഥാനങ്ങളായും ഒക്കെ മാറുന്നതെന്ന് ജോര്‍ജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. സെന്ററിന്റെ സ്ഥാപനവും അതിന്റെ ചരിത്രവും പുതുതലമുറക്കായി എഴുതിയ ഈ പുസ്തകവും എന്തുകൊണ്ടും കുടിയേറ്റ ചരിത്രത്തില്‍ സുപ്രധാനമാണ്. കേരള സെന്ററില്‍ ആദ്യകാലത്ത് തന്റെ ഭാര്യ മഞ്ജു തോമസിന്റെ നേതൃത്വത്തില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തിയിരുന്ന കാര്യം ജോജോ തോമസ് അനുസ്മരിച്ചു. കേരള സെന്ററില്‍ നടന്ന ആദ്യ പൊതുപരിപാടി തന്റെ മകന്റെ മാമ്മോദീസ ആയിരുന്നുവെന്നും അന്നത് നടക്കുന്നതിനുള്ള അസൗകര്യങ്ങളും പ്രശ്‌നങ്ങളും സെന്ററിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ജോസ് ചുമ്മാര്‍ കോരക്കുടിലില്‍ അനുസ്മരിച്ചു. ഇടതുപക്ഷ നിലപാട് ഉള്ളത് കൊണ്ട് വിശ്വാസി അല്ല എന്ന് പറയുമെങ്കിലും ആഴത്തിലുള്ള ആത്മീയതയുള്ള വ്യക്തിയാണ് തന്റെ പിതാവെന്ന് പുത്രി ഡെയ്‌സി സ്റ്റീഫന്‍ അനുസ്മരിച്ചു.

മറുപടി പ്രസംഗത്തില്‍ തന്റെ പരിശ്രമങ്ങള്‍ക്ക് തുണയായി നിന്നവരെ സ്റ്റീഫന്‍ നന്ദിയോടെ സ്മരിച്ചു. ആഴ്ചയില്‍ അയക്കുന്ന ന്യൂസ് ലെറ്റര്‍ ആണ് തുക സമാഹരിക്കാന്‍ സഹായിച്ചത്. ഒരു തവണ അത് തയ്യാറാക്കാതിരുന്ന മകനെ താന്‍ തല്ലിയപ്പോള്‍ അലക്‌സ് തമ്പാന്‍ ഇടപെടുകയായിരുന്നു. പുത്രനോട് ഇപ്പോള്‍ ക്ഷമ പറയുന്നു. കേരള സെന്റ്ററില്‍ ആദ്യം തുടങ്ങിയത് മലയാളം ക്ലാസ് ആണ്. ക്രമേണ പള്ളികളിലും മറ്റും അത് വന്നതോടെ ഇവിടെ ക്ലാസ് നിലച്ചു. കേരള സെന്ററിന് 228 അംഗങ്ങളുണ്ട്. 112 പേര്‍ക്കാണ് വോട്ടവകാശം. കാല്‍ നൂറ്റാണ്ട് താന്‍ പ്രസിഡന്റും എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നെകിലും അവാര്‍ഡ് പരിപാടിയില്‍ ഇടപെട്ടിട്ടേയില്ല. അതിന്റെ ചുമതല ഡോ. തോമസ് എബ്രഹാമിന് ആയിരുന്നു. ആദ്യകാലത്ത് തുണയായി നിന്ന ജോണും ശോശാമ്മയും വര്‍ഗീസും മറിയാമ്മയും ചെയ്ത സഹായങ്ങള്‍ മറക്കാനാവാത്തതാണ്. പിന്നീട് ശ്രീധര മേനോനും ദിലീപ് വര്‍ഗീസും വലിയ സഹായവുമായി എത്തി. രാജു തോമസ്, കോരസൻ വര്‍ഗീസ് തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News