
ബീഹാറിൽ കല്യാണത്തട്ടിപ്പ് പ്രതി പിടിയിൽ. മൂന്ന് വർഷത്തിനിടെ മൂന്ന് യുവതികളെ വിവാഹം കഴിച്ച പ്രിന്റു ബർൺവാൾ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.മുൻ ഭാര്യമാരെ ആരെയും നിയമപരമായി ഒഴിവാക്കാതെയാണ് ഇയാൾ തുടർച്ചയായി വിവാഹങ്ങൾ നടത്തിയത്. ഒന്നും രണ്ടും ഭാര്യമാർ നൽകിയ സംയുക്ത പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു.
2022 ഡിസംബറിലായിരുന്നു പിന്റുവിന്റെ ആദ്യ വിവാഹം. ഖുശ്ബു കുമാരിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. വിവാഹസമയത്ത് മൂന്ന് ലക്ഷം രൂപയും സ്വർണാഭരണങ്ങളും സ്ത്രീധനമായി നൽകിയിരുന്നതായും എന്നാൽ പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഖുശ്ബു പൊലീസിന് മൊഴി നൽകി.
പീഡനം സഹിക്കവയ്യാതെ ഖുശ്ബു വീട്ടിൽ നിന്നും പുറത്തുപോയതിനു പിന്നാലെ 2024 ഏപ്രിലിൽ പിന്റു ഗുഡിയ കുമാരിയെ രണ്ടാമത് വിവാഹം കഴിച്ചു. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാണ് പിന്റു രണ്ടാമത് വിവാഹം കഴിച്ചതെന്ന് ഗുഡിയ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ഭാര്യയെയും സ്ത്രീധനത്തിനായി പീഡിപ്പിക്കുകയും തുടർന്ന് ഇവരും വീട് വിട്ടു പോയതിനു പിന്നാലെയാണ് ഇയാൾ മൂന്നാമതും വിവാഹിതനായത്.
അറസ്റ്റിലായ പിന്റു തനിക്കെതിരെയുള്ള സ്ത്രീധന പീഡന ആരോപണങ്ങൾ നിഷേധിച്ചു. താൻ വീണ്ടും വിവാഹം കഴിച്ചത് കുടുംബപരമായ നിർബന്ധം മൂലമാണെന്നാണ് ഇയാളുടെ വിചിത്രമായ വാദം. തന്റെ 60 വയസ്സുള്ള അമ്മയ്ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടെന്നും അവരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാലാണ് വീണ്ടും വിവാഹം കഴിച്ചതെന്നുമാണ് പിന്റു പൊലീസിനോട് പറഞ്ഞത്.
ആദ്യത്തെ രണ്ട് ഭാര്യമാരും വീട്ടുജോലികൾ ഒന്നും ചെയ്തിരുന്നില്ലെന്നും, ഖുശ്ബു തന്നെയും അമ്മയെയും കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇയാൾ ആരോപിക്കുന്നു. എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ വ്യാജമാണെന്നും പിന്റു അവകാശപ്പെട്ടു. നിലവിൽ ഇയാളുടെ മൂന്നാം ഭാര്യ പിന്റുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. തങ്ങളുടെ ജീവിതം തകർത്ത ഇയാൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഖുശ്ബുവും ഗുഡിയയും പോലീസിനോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

