
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും ഡീപ് ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കോൺഗ്രസിനും നാല് പ്രമുഖ നേതാക്കൾക്കും അഹമ്മദാബാദ് കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. കോൺഗ്രസ് പാർട്ടിയെ കൂടാതെ നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ്, പവൻ ഖേര, ഉദയ് ഭാനു ചിബ് എന്നിവർക്കാണ് വീഡിയോ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. അഹമ്മദാബാദ് അഡീഷണൽ സിവിൽ ജഡ്ജി ശ്രീകാന്ത് ശർമ്മയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് വന്ന് 48 മണിക്കൂറിനുള്ളിൽ വീഡിയോ നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സമയപരിധിക്കുള്ളിൽ കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ നീക്കിയില്ലെങ്കിൽ, 72 മണിക്കൂറിനുള്ളിൽ എക്സ്, ഗൂഗിൾ എന്നീ പ്ലാറ്റ്‌ഫോമുകൾ വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഡിസംബർ 29-ന് വീണ്ടും പരിഗണിക്കും. അന്ന് ഹാജരാകാൻ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read- സൗജന്യ ലഗേജ് പരിധി കഴിഞ്ഞാൽ പിടിവീഴും; നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ
ഡിസംബർ 17-ന് കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘മോദി-അദാനി ഭായ് ഭായ്, ദേശ് ബേച്ച്കർ ഖായ് മലായ്’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയിൽ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള സംഭാഷണമാണ് കാണിച്ചിരുന്നത്. എന്നാൽ ഇത് എഐ പ്ലാറ്റ്ഫോം ആയ ഡീപ്പ് ഫേക്കിൽ നിർമിച്ച വീഡിയോ ആണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ വാദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

