
ഇന്ത്യയുടെ ഊർജ്ജ-സമുദ്ര മേഖലയിൽ ചരിത്രപരമായ നേട്ടം കുറിച്ച് അദാനി പോർട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖം. 3.3 ലക്ഷം ക്യൂബിക് മീറ്റർ ചരക്ക് ശേഷിയുള്ള ‘മൗണ്ട് ന്യൂ റെനൗൺ’ എന്ന പടുകൂറ്റൻ വെരി ലാർജ് ക്രൂഡ് കാരിയർ (VLCC) വിജയകരമായി ബെർത്ത് ചെയ്തതോടെ, പൂർണ്ണമായും ലോഡ് ചെയ്ത ഇത്തരം കപ്പലുകളെ നേരിട്ട് ജെട്ടിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി മുന്ദ്ര മാറി.

ശക്തമായ കാറ്റും തിരമാലകളും സൃഷ്ടിച്ച വെല്ലുവിളികൾ മറികടന്ന് APSEZ മറൈൻ ടീം നടത്തിയ ഈ ഡോക്കിംഗ് രാജ്യത്തിന്റെ ലോജിസ്റ്റിക്സ് രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്. ലോകമെമ്പാടുമുള്ള ചുരുക്കം ചില തുറമുഖങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന ഈ മികവോടെ, ആഗോള ക്രൂഡ് ഹാൻഡ്‌ലിംഗ് ഹബ്ബുകളുടെ പട്ടികയിൽ മുന്ദ്ര ഒന്നാമതെത്തിയിരിക്കുകയാണ്.

ഈ നേട്ടം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക സ്വാധീനം ചെലുത്തും. മുന്ദ്രയിലെ വിഎൽസിസി ജെട്ടി 489 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി ബാർമറിലെ എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി അസംസ്‌കൃത എണ്ണ സുരക്ഷിതമായും വേഗത്തിലും കുറഞ്ഞ ചിലവിലും റിഫൈനറികളിലേക്ക് എത്തിക്കാൻ സാധിക്കും.

400 മീറ്റർ നീളവും 25 മീറ്റർ ആഴവുമുള്ള മുന്ദ്രയിലെ പ്രത്യേക ജെട്ടിക്ക് 3.33 ലക്ഷം ടൺ വരെ ഭാരമുള്ള കപ്പലുകളെ സ്വീകരിക്കാൻ ശേഷിയുണ്ട്. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഈ തുറമുഖം ആധുനിക എഞ്ചിനീയറിംഗ് വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ മുന്ദ്ര, 2024-25 കാലയളവിൽ 200 ദശലക്ഷം മെട്രിക് ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ തുറമുഖമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

ലോക ബാങ്കിന്റെ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിലെ ഉയർന്ന റാങ്കിംഗും ഈ തുറമുഖത്തിന്റെ കാര്യക്ഷമതയ്ക്ക് തെളിവാണ്. ഈ പുതിയ നേട്ടത്തോടെ ആഗോള സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയും ഗുജറാത്ത്, രാജസ്ഥാൻ മേഖലകളിലെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വേഗത കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

