
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ആകസ്മിക വിയോഗം സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. അണികളികൾ ആത്മവിശ്വാസം നൽകുന്ന നേതാവിനെ കണ്ടെത്താൻ പാർട്ടിയിലും, അജിത് പവാർ ഒഴിച്ചിട്ട മന്ത്രിക്കസേരക്കുമായി മഹായുതി സഖ്യത്തിലും വടം വലിയുണ്ടാകും.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് ഒരു അടുത്ത സുഹൃത്തിന്റെ നഷ്ടം മാത്രമല്ല, ഭരണതന്ത്രത്തിലെ പ്രധാന പിന്തുണ കൂടിയാണ് നഷ്ടമായത്.
അജിത് പവാറും ഫഡ്‌നവിസും നല്ല ബന്ധം പുലർത്തി വന്നിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭ വന്നതോടെ 2019 നവംബർ 23-ന് രാജ്ഭവനിൽ നടന്ന ഒരു പ്രഭാതച്ചടങ്ങിൽ ഫഡ്നവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്.
ALSO READ : തപാൽ ഓഫീസ് അടച്ചുപൂട്ടൽ: ചീഫ് പി.എം.ജി ഓഫീസിന് മുൻപിൽ തപാൽ ജീവനക്കാരുടെ രാപ്പകൽ നിരാഹാര സത്യാഗ്രഹം
അജിത്പവാർ എൻഡിഎയിൽ ചേരുന്നത് പൂർണമായും ഫഡ്നവിസിന്റെ നീക്കമായിരുന്നു. അതിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അത്ര തൃപ്തിയുണ്ടായിരുന്നില്ല. അജിത് പവാർ ബാധ്യതയാണെന്ന് ആർ എസ് എസ് പലവട്ടം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. മഹായുതിയിലെ മറ്റൊരു ഉപമുഖ്യമന്ത്രിയായ ശിവസേന അധ്യക്ഷൻ ഏക്നാഥ് ഷിന്ദെയെ നിയന്ത്രിക്കാൻ ഫഡ്നവിസ് പലപ്പോഴും ആശ്രയിച്ചിരുന്നത് അജിത് പവാറിനെയായിരുന്നു.
2024 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഷിന്ദേ മുഖ്യമന്ത്രിപദം വീണ്ടും ആവശ്യപ്പെട്ടപ്പോൾ,അത് തടയുന്നതിൽ അജിത് പവാർ നിർണായക പങ്കുവഹിച്ചു. ഇനി, അജിത് പവാറില്ലാത്ത മഹായുതിയിൽ ധനവകുപ്പ് ഉൾപ്പെടെ കൂടുതൽ അധികാരങ്ങൾ ആവശ്യപ്പെട്ട് ഷിന്ദേ ശക്തമായ വിലപേശലിലേക്ക് നീങ്ങാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതേ സമയം അണികളികൾ ആത്മവിശ്വാസം പകരുന്ന ദേശീയ നേതാവിനെ കണ്ടെത്താൻ പാർട്ടിയും പാടുപെടും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


