
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് BTS ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊറിയൻ സംഗീത ഇതിഹാസമായ ബിടിഎസ് (BTS) തങ്ങളുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബം പ്രഖ്യാപിച്ചു. ‘അരിരംഗ്’ എന്ന് പേരിട്ടിരിക്കുന്ന ആൽബം 2026 മാർച്ച് 20-ന് പുറത്തിറങ്ങുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിർബന്ധിത സൈനിക സേവനത്തിന് ശേഷം ബാൻഡിലെ ഏഴ് അംഗങ്ങളും ഒത്തുചേരുന്ന, ഏകദേശം നാല് വർഷത്തിനിടയിലെ ആദ്യത്തെ ഫുൾ ഗ്രൂപ്പ് ആൽബമാണിത്. നിലവിൽ ആൽബത്തിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു.
ALSO READ : ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവോ? പ്രണയദിനത്തില്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
എന്താണ് ‘അരിരംഗ്’?
കൊറിയയുടെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായാണ് ഈ ആൽബം വിലയിരുത്തപ്പെടുന്നത്. കൊറിയയിലെ ഏറ്റവും പഴക്കമേറിയതും പ്രിയമേറിയതുമായ നാടോടി ഗാനമാണ് ‘അരിരംഗ്’. രാജ്യത്തിന്റെ അനൗദ്യോഗിക ദേശീയ ഗാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു വന്ന ഈ ഗാനം കാലങ്ങൾക്കനുസരിച്ച് ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലാണ് ആലപിക്കപ്പെടുന്നത്. ‘പ്രിയപ്പെട്ടവൻ’ അല്ലെങ്കിൽ ‘സൗന്ദര്യമുള്ളവൻ’ എന്നൊക്കെയാണ് ഈ വാക്കിന് അർഥം.
കൊറിയൻ ജനതയുടെ സന്തോഷവും സങ്കടവും പ്രതിരോധവും ഒരേപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ‘അരിരംഗ്’. തങ്ങളുടെ വേരുകളിലേക്കുള്ള മടക്കയാത്രയാണ് ഈ ആൽബത്തിലൂടെ ബിടിഎസ് ലക്ഷ്യമിടുന്നത്. ദീർഘകാലത്തെ മാറി നിൽക്കലിന് ശേഷം ആരാധകരുമായി ഒന്നിക്കുന്നതിന്റെ വൈകാരികമായ വശങ്ങൾ ഈ ആൽബത്തിൽ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. ആൽബം റിലീസിന് പിന്നാലെ ഏപ്രിൽ മാസം മുതൽ ബിടിഎസ് പുതിയ വേൾഡ് ടൂറും ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


