
ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് തങ്ങളുടെ പരിശ്രമ ഫലമായിട്ടാണെന്ന് പ്രചരിപ്പിക്കുന്ന സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ക്രെഡിറ്റ് എടുക്കാൻ നടക്കുമ്പോൾ കന്യാസ്ത്രീകൾക്ക് നിങ്ങൾ സമ്മാനിച്ച പീഡന പർവ്വങ്ങളുടെ കൂടി ക്രെഡിറ്റ് എടുക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതി.
ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്‍റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്‍റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്‍റെ, ജാമ്യം എതിർത്തതിന്റെ ഒക്കെയും ക്രെഡിറ്റും എടുക്കണമെന്ന് അദ്ദേഹം തുറന്നടിച്ചത്.
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയർത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം ആണെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്. പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അവർ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ?
എടുക്കട്ടെ – ഒപ്പം, ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെ, സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവർഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്റെ, തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെ, ജാമ്യം എതിർത്തതിന്റെ… ഒക്കെയും ക്രെഡിറ്റും എടുക്കട്ടെ.
മുതലും പലിശയും പിഴപ്പലിശയും കൂട്ടി എടുക്കട്ടെ.
അപ്പോൾ, നിങ്ങൾക്കു വേണ്ടേ ക്രെഡിറ്റ് ?
അയ്യോ വേണ്ടേ വേണ്ട.
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്.
പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്. രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മൾ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്. നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ മനുഷ്യരാകുമോ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

