മതിയായ യോഗ്യതയില്ലാതെ നിയമിച്ച സിന്‍ഡിക്കേറ്റ് അംഗം വിനോദ് കുമാറിനെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചാൻസലറുടെ നോമിനിയായി സിന്‍ഡിക്കേറ്റിൽ നിയമിക്കപ്പെട്ട വിനോദ് കുമാറിനെ ഉടൻ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആവശ്യമായ യോഗ്യതകളില്ലാതെ നിയമനം നേടിയ വ്യക്തിയെയാണ് സിന്‍ഡിക്കേറ്റിലേക്ക് നിയോഗിച്ചതെന്നും ഇത് ഗുരുതര നിയമന ക്രമക്കേടാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ടി.ബി.ജി.ആർ.ഐയിലെ (TBGRI) സുപ്രധാന തസ്തികയിൽ 2015-ലെ യു.ഡി.എഫ് ഭരണകാലത്ത് വിനോദ് കുമാർ അനധികൃതമായി നിയമനം നേടിയതായാണ് ആരോപണം. വിശദമായ അന്വേഷണത്തിൽ ആവശ്യമായ യോഗ്യതകളില്ലാതെ പ്രസ്തുത തസ്തികയിൽ നിയമിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അദ്ദേഹത്തെ പുറത്താക്കിയതായും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഇതോടെ സയന്റിസ്റ്റ് എന്ന നിലയിൽ ഗവർണർ നോമിനേറ്റ് ചെയ്ത വിനോദ് കുമാറിന്റെ കേരള സർവകലാശാല സെനറ്റ് അംഗത്വം നിലനിൽക്കില്ലെന്നും സംഘടന പറഞ്ഞു. സെനറ്റ് അംഗമായ നിലയിലാണ് പിന്നീട് സിന്‍ഡിക്കേറ്റിലേക്കുള്ള നിയമനം നടന്നതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

ALSO READ : പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി; അപേക്ഷകൾ ഡിസംബർ 22 മുതൽ സമർപ്പിക്കണം

ആയൂർവേദ ബിരുദം മാത്രമുള്ള വിനോദ് കുമാറിന് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് പദവിക്ക് ആവശ്യമായ ബിരുദാനന്തര ബിരുദം (ഫസ്റ്റ് ക്ലാസ്)യും പി.എച്ച്.ഡി ബിരുദവും ഇല്ലായിരുന്നുവെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമനം നേടിയതെന്നും ആരോപണമുണ്ട്. നാല്പത് വയസ് വരെ മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്ന നിബന്ധനയുള്ള തസ്തികയിൽ അപേക്ഷിക്കുമ്പോൾ വിനോദ് കുമാറിന് 47 വയസുണ്ടായിരുന്നുവെന്നും ഡിവൈഎഫ്ഐ പറഞ്ഞു. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം പത്ത് വർഷമായി കാണിച്ചും, പ്രിൻസിപ്പൽ സയന്റിസ്റ്റ് പോസ്റ്റിന് പ്രസക്തമല്ലാത്ത സംസ്കൃതം–തമിഴ് ഭാഷാ പ്രാവീണ്യം, നാട്ടുവൈദ്യ പരിചയം എന്നിവ അധിക യോഗ്യതയായി കണക്കാക്കിയുമാണ് നിയമനം നടത്തിയതെന്നും ആരോപിച്ചു.

മറ്റുള്ള യോഗ്യരായ അപേക്ഷകരെ ഒഴിവാക്കി വിനോദ് കുമാറിനെയാണ് മാത്രം ഇന്റർവ്യൂ നടത്തി നിയമിച്ചതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇത്തരത്തിൽ അനധികൃതമായി നേടിയ പ്രിൻസിപ്പൽ സയന്റിസ്റ്റ് പദവിയുടെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാല സെനറ്റിലേക്കും പിന്നീട് സിന്‍ഡിക്കേറ്റിലേക്കും അന്നത്തെ ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തെ നിയമിച്ചതെന്നും സംഘടന വ്യക്തമാക്കി.

ALSO READ : മഹാത്മാ​ ഗാന്ധിയുടെ പേര് വെട്ടുന്നവർ, ഗ്രാമീണരെയും തൊഴിലാളികളെയും വഞ്ചിച്ചവർ; തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയ BJP സർക്കാർ

ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് നടന്ന നിരവധി നിയമനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായതായി ഡിവൈഎഫ്ഐയും എസ്.എഫ്.ഐയും മുൻപ് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, വിഷയത്തിൽ ഹൈക്കോടതി വരെ ഇടപെട്ട സാഹചര്യങ്ങളുണ്ടായിരുന്നുവെന്നും സംഘടന ഓർമ്മിപ്പിച്ചു. വിദ്യാർത്ഥി-യുവജന സമരങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ഗുരുതര നിയമന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ വിനോദ് കുമാറിന്റെ സെനറ്റ് അംഗത്വം ഉടൻ റദ്ദാക്കണമെന്നും, നിയമനത്തിലെ ഗൂഢാലോചനയും കൃത്രിമത്വവും അന്വേഷിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, വിനോദ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News