
കുവൈറ്റിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം 39487 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
പൊതുസുരക്ഷയ്ക്കും സാമൂഹികക്രമത്തിനും ഭീഷണിയായ പ്രവർത്തനങ്ങൾ, ലഹരിമരുന്ന് കേസുകൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, തൊഴിൽ ചട്ടങ്ങൾ മറികടന്ന പ്രവർത്തനങ്ങൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ ഇടപെടലുകൾ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയും സാമൂഹികസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്ന് അധികൃതർ അറിയിച്ചു.
ALSO READ : ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു
നാടുകടത്തപ്പെട്ട ചില പ്രവാസികളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾക്കും രാജ്യം വിടേണ്ടിവന്ന സംഭവങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. താമസാനുമതി ദുരുപയോഗം ചെയ്യുന്നതും നിയമവ്യവസ്ഥയെ അവഗണിക്കുന്നതുമായ പ്രവണതകൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതർ ആവർത്തിച്ചത്.
നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് കുവൈത്ത് തൊഴിലും ജീവിതവും സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരങ്ങളുടെ നാടായി തുടരുമെന്നും, അതേസമയം നിയമലംഘനങ്ങൾക്കും താമസാനുമതി ദുരുപയോഗങ്ങൾക്കും സാമൂഹികക്രമത്തെ ബാധിക്കുന്ന പ്രവണതകൾക്കുമെതിരെ പരിശോധനകളും സുരക്ഷാ കാമ്പയിനുകളും വരും ദിവസങ്ങളിൽ കൂടുതൽ കർശനമായും വ്യാപകമായും തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

