ഗ്യാസ് തീരുന്നതോർത്ത് ഇനി പേടി വേണ്ട; പാചകവാതകം ലാഭിക്കാൻ ഇതാ 5 എളുപ്പവഴികൾ

Gas saving tips Malayalam

ഇന്നത്തെ കാലത്ത് അടുക്കളയിലെ ഏറ്റവും വലിയ ചെലവുകളിലൊന്നാണ് പാചകവാതകം. സാധാരണഗതിയിൽ ഒരു മാസം കൊണ്ട് തീരുന്ന സിലിണ്ടർ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ 10 മുതൽ 15 ദിവസം വരെ അധികം ഉപയോഗിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും വലിയൊരു ശതമാനം ഗ്യാസാണ് ഓരോ വീട്ടിലും പാഴാകുന്നത്. ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്ന ലളിതമായ ചില മാർഗ്ഗങ്ങൾ താഴെ നൽകുന്നു.

ബർണറിലെ തീയുടെ നിറം ശ്രദ്ധിക്കുക

നിങ്ങളുടെ ഗ്യാസ് സ്റ്റൗവിലെ തീ ചുവന്ന നിറത്തിലാണോ വരുന്നത്? എങ്കിൽ സൂക്ഷിക്കുക, നിങ്ങളുടെ ഗ്യാസ് അമിതമായി പാഴാകുന്നു എന്നാണ് ഇതിനർത്ഥം. നീല നിറത്തിലുള്ള തീയാണ് സ്റ്റൗവിൽ നിന്ന് വരേണ്ടത്. ചുവന്ന തീ വരുന്നത് സ്റ്റൗ സർവ്വീസ് ചെയ്യാനായി എന്നതിന്റെ ലക്ഷണമാണ്. കൂടാതെ, പരമാവധി ചെറിയ ബർണർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വലിയ പാത്രങ്ങൾ വെക്കുമ്പോൾ മാത്രം വലിയ ബർണർ ഉപയോഗിക്കുന്നത് 10% ഗ്യാസ് വരെ ലാഭിക്കാൻ സഹായിക്കും.

നനഞ്ഞ പാത്രങ്ങൾ സ്റ്റൗവിൽ വെക്കരുത്

പലരും പാത്രങ്ങൾ കഴുകിയ ഉടനെ വെള്ളത്തോടുകൂടി സ്റ്റൗവിൽ വെക്കാറുണ്ട്. പാത്രത്തിലെ വെള്ളം വറ്റി വരാൻ എടുക്കുന്ന സമയം ഗ്യാസ് വെറുതെ കത്തുകയാണ് ചെയ്യുന്നത്. അതിനാൽ പാത്രങ്ങൾ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് ഈർപ്പം മാറ്റിയ ശേഷം മാത്രം പാചകത്തിനായി ഉപയോഗിക്കുക.

കുതിർത്ത ശേഷം വേവിക്കുക

അരി, പരിപ്പ്, പയർ വർഗ്ഗങ്ങൾ എന്നിവ പാകം ചെയ്യുന്നതിന് 15-20 മിനിറ്റ് മുൻപ് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് പാചക സമയം ഗണ്യമായി കുറയ്ക്കും. കുതിർത്ത പയർ വർഗ്ഗങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുകയാണെങ്കിൽ കുറഞ്ഞ തീയിൽ തന്നെ പെട്ടെന്ന് വെന്തു കിട്ടും.

തീയുടെ അളവ് ക്രമീകരിക്കുക

ഉയർന്ന തീയിൽ വെച്ചാൽ ഭക്ഷണം വേഗം വേകും എന്നത് വെറും തോന്നലാണ്. പാത്രത്തിന് പുറത്തേക്ക് വരുന്ന തീ വായുവിനെ ചൂടാക്കുകയല്ലാതെ ഭക്ഷണം വേവിക്കാൻ സഹായിക്കില്ല. പാത്രത്തിന്റെ അടിഭാഗത്ത് മാത്രം തീ നിൽക്കുന്ന രീതിയിൽ സിമ്മിൽ (Sim) വെച്ച് പാകം ചെയ്താൽ ഏകദേശം 20 ശതമാനത്തോളം ഗ്യാസ് ലാഭിക്കാം.

പാത്രം മൂടി വെച്ച് പാകം ചെയ്യുക

നീരാവി പുറത്തേക്ക് പോകാത്ത വിധം പാത്രം മൂടി വെച്ച് പാകം ചെയ്യുന്നത് വഴി താപം ഉള്ളിൽ തന്നെ നിൽക്കുകയും ഭക്ഷണം വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും. പ്രഷർ കുക്കറിന്റെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുന്നത് ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്.

    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    bhima-jewel
    milkimist

    Latest News