ആ ഹൃദയം ഇനിയും മിടിക്കും, പക്ഷേ വിപിന്റെ ശരീരത്തിലല്ല; പുതുവർഷം ആറുപേർക്ക് പുതുജീവന്റെ പ്രകാശമായി മാറി വിപിൻ

In a selfless act of humanity, the family of brain-dead Wayanad native NJ Vipin gifts a new lease of life to six people through organ donation

മരണത്തിന് തോൽപ്പിക്കാനാവാത്ത വിധം മറ്റുള്ളവരിലൂടെ ജീവിക്കാൻ തീരുമാനിച്ച് വയനാട് സ്വദേശി വിപിൻ. സ്ട്രോക്കിനെ തുടർന്ന് അപ്രതീക്ഷിതമായി മസ്തിഷ്ക മരണം സംഭവിച്ച ഈ 41-കാരന്റെ അവയവങ്ങൾ, പുതുവർഷത്തിൽ ആറ് കുടുംബങ്ങളിലേക്കാണ് പ്രതീക്ഷയുടെ പുലരി എത്തിച്ചിരിക്കുന്നത്

ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്ര പടലങ്ങൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗികൾക്കുമാണ് നല്‍കിയത്. പുതുവർഷത്തിൽ സംസ്ഥാനത്ത് നടന്ന ആദ്യ മരണാനന്തര അവയവദാനമാണിത്.

ALSO READ : കൂരിയാട് ദേശീയപാത പുനർനിർമാണം അതിവേഗം; വയഡക്ട് പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. വിപിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.കെ- സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

​നാട്ടിൽ ബിസിനസും കൃഷിയും നടത്തിവരികയായിരുന്ന വിപിനെ 2025 ഡിസംബർ 30-നാണ് സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും എത്തിക്കുകയിരുന്നു. തുടർന്ന് 2026 ജനുവരി മൂന്നിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. എൻ. ഡി ജോയിടെയും (ലേറ്റ്) ആനീസ് ജോയിയുടെയും മകനാണ് വിപിൻ. ഭാര്യ: വീണാ വിപിൻ. മക്കൾ: നിതാൻ, നിതാനിയ, നിതാന. സഹോദരങ്ങൾ: എൻ. ജെ നവീൻ, വിനീത ജോയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News