‘കാന്തപുരം, ജമാഅത്തെ ഇസ്ലാമിയെ കൂടുതൽ രൂക്ഷമായി വിമർശിച്ചത് വിധ്വംസക പ്രസ്ഥാനങ്ങളോട് ശക്തമായ നിലപാടുള്ളതുകൊണ്ട്’: ജവാദ് മുസ്തഫവി

jawad-musthafavi

കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസലിയാർ, ജമാഅത്തെ ഇസ്ലാമിയെ കൂടുതൽ രൂക്ഷമായി വിമർശിച്ചത് വിധ്വംസക പ്രസ്ഥാനങ്ങളോട് ശക്തമായ നിലപാടുള്ളതുകൊണ്ടാണെന്ന് എഴുത്തുകാരനും മുസ്ലീം പണ്ഡിത പാരമ്പര്യത്തെക്കുറിച്ചുള്ള ഗവേഷകനുമായ ജവാദ് മുസ്തഫവി. ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ചു എന്ന് വി ഡി സതീശനെ പോലുള്ളവർ വാദിക്കുന്ന മാറ്റത്തെ കുറിച്ച് മനസ്സിലാക്കാൻ ദീർഘകാലം മാധ്യമത്തിലും പിന്നീട് മീഡിയ വണ്ണിലും ജോലി ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി ടി നാസർ എഴുതിയ “ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍?” എന്ന തലക്കെട്ടിലുള്ള ലേഖനം വായിച്ചു നോക്കാവുന്നതാണെന്നും ജവാദ് കുറിക്കുന്നു.

ജവാദ് മുസ്തഫിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകളോട് സുന്നി പ്രസ്ഥാനം പ്രതികരിച്ച രീതി മനസ്സിലാക്കാൻ ശ്രമിച്ചാൽ സുന്നികളുടെ രാഷ്ട്രീയം എന്താണെന്നും അതെങ്ങിനെയാണ് വർക്ക് ചെയ്യുന്നതെന്നും മനസ്സിലാകും. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മാസങ്ങൾക്ക് മുമ്പ് ആദ്യം സംസാരിച്ച ഒരാൾ സുന്നി യുവജന സംഘം സംസ്ഥാന അധ്യക്ഷൻ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോട് വിയോജിപ്പുകൾ പ്രകടിപ്പിച്ചു കൊണ്ടു തന്നെ, അദ്ദേഹത്തെ ഒരു വർഗീയവാദി എന്ന നിലക്കൊന്നും ചിത്രീകരിക്കേണ്ടതില്ലെന്നും പ്രായാധിക്യത്തിന്റെ പ്രയാസങ്ങളൊക്കെ അനുഭവിക്കുന്ന ഒരാളുടെ വർത്താനം എന്ന നിലക്ക് കണ്ടാൽ മതിയെന്നുമായിരുന്നു ഡോ. അസ്ഹരി പറഞ്ഞത്. കേരളയാത്രയുടെ തുടക്ക ദിവസങ്ങളിലെ പത്ര സമ്മേളനങ്ങളിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങളും പറഞ്ഞത് വ്യകതികളെ പരാമർശിക്കാനോ അധിക്ഷേപിക്കാനോ സുന്നികളില്ല എന്നായിരുന്നു. അതേസമയം അദ്ദേഹം നടത്തിയ പ്രസ്താവനകളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. അതവർ ചെയ്യണം എന്നും പറഞ്ഞു. ഓരോ സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും എന്താണ് ലഭിച്ചത് എന്നറിയാൻ ധവളപത്രം ഇറക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സർക്കാർ തന്നെ ഒരു ഫാക്ട് ചെക്കിങ് സംവിധാനം ഒരുക്കണമെന്നുമാണ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞത്.

അടുത്ത പത്രസമ്മേളനത്തിൽ വീണ്ടും ചോദ്യം ഉയർന്നപ്പോൾ, സാമൂഹിക ധ്രുവീകരണത്തിന് വഴിവെക്കുന്ന പ്രസ്താവനകൾ ലോ ആൻഡ് ഓർഡർ ഇഷ്യൂ ആണെന്നും അത് കൈകാര്യം ചെയ്യേണ്ടത് ചുമതലപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ആണെന്നും പറഞ്ഞു. മലപ്പുറത്തെ പത്രസമ്മേളനത്തിൽ വീണ്ടും ചോദിച്ചപ്പോൾ, ഇനിയും ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നായിരുന്നു തങ്ങളുടെ മറുപടി.

തിരുവനനന്തപുരത്തെ പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയെ കാറിൽ കയറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഒരാളെ കാറിൽ കയറ്റുന്നതൊക്കെ സാങ്കേതികമായ കാര്യമാണെന്നും വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു മുസ്ലിം ജമാഅത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസിയുടെ മറുപടി. സമുദായ നേതാക്കൾ സംസാരിക്കുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതയെ കുറിച്ച് പല സ്വീകരണ കേന്ദ്രങ്ങളിൽ വെച്ചും ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഓർമ്മപ്പെടുത്തി. ഒരു വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടുള്ള പ്രതികരണങ്ങൾ കൂടുതൽ വെള്ളാപ്പള്ളിമാരെ സൃഷ്ടിക്കുന്നതിലേക്കല്ല, മറിച്ച് വെള്ളാപ്പള്ളിമാരെ തന്നെ അപ്രസ്കതമാക്കുന്നതിലേക്കാണ് നയിക്കേണ്ടത് എന്ന സൂക്ഷ്മ രാഷ്ട്രീയ സമീപനമായിരുന്നു സുന്നികളുടേത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന പോലെ, പലയിടങ്ങളിൽ വെച്ചും ജമാഅത്തെ ഇസ്ലാമിയെ കുറിച്ചും ചോദ്യങ്ങളുണ്ടായി. മതരാഷ്ട്രവാദ സങ്കല്പം ഉൾപ്പെടെയുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളോട് ആശയപരമായി തന്നെ വിയോജിപ്പുള്ളവരാണ് സുന്നികളെന്നും ജമാഅത്തെ ഇസ്ലാമിയെ മത സംഘടന ആയിട്ടല്ല, രാഷ്ട്രീയ സംഘടന ആയിട്ടാണ് കാണുന്നത് എന്നുമായിരുന്നു സുന്നി നേതാക്കൾ പ്രതികരിച്ചത്.

എസ് എസ് എഫ് മുഖപത്രമായ രിസാല അപ്ഡേറ്റിനു വേണ്ടി പി കെ എം അബ്ദുറഹിമാൻ നടത്തിയ ഇന്റർവ്യൂവിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ചോദ്യത്തിൽ ഖലീലുൽ ബുഖാരി തങ്ങൾ ഇതു കൂടി പറഞ്ഞു: “ധ്രുവീകരണ പ്രവർത്തനങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഞങ്ങളുടെയൊക്കെ ആലോചനകൾ രൂപപ്പെട്ടതു തന്നെ ഇത്തരം അവാന്തര വിഭാഗങ്ങളെ നേരിട്ടുകൊണ്ടാണ്. ആഭ്യന്തരമായ അത്തരം ശത്രുക്കളെ നേരിട്ടുകൊണ്ടാണ് ഞങ്ങൾ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പുറത്തുള്ള ധ്രുവീകരണ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കാനും അവർക്കെതിരെ ശബ്ദിക്കാനുമുള്ള ധാർമികമായ കരുത്ത് ഞങ്ങൾ നേടിയത് അങ്ങിനെയാണ്. എല്ലാ സമുദായങ്ങളും ആ പ്രവർത്തന രീതി സ്വീകരിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഓരോ സമുദായവും അവർക്കിടയിലെ ഇത്തരം ശക്തികളെ ചൂണ്ടിക്കാണിക്കുകയും ഒറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തുവേണം മുന്നോട്ടുവരാൻ. സമുദായത്തിനകത്തെ വർഗീയതയെയും വിഭാഗീയതയെയും താലോലിക്കുകയും പുറത്തുള്ളതിനെ മാത്രം എതിർക്കുകയും ചെയ്‌താൽ നമുക്ക് ലക്‌ഷ്യം നേടാൻ കഴിയില്ല. നമ്മുടെ ധാർമികമായ കരുത്ത് ചോർന്നു പോകും”.

ധാർമ്മികമായ ഈ കരുത്താണ് എല്ലാ വിധ്വംസക-ധ്രുവീകരണ പ്രസ്ഥാനങ്ങളോടും സുന്നികൾക്കുള്ളത്. അല്ലാതെ ജമാഅത്തെ ഇസ്ലാമിയെയും ഒക്കത്തു വെച്ച് വെള്ളാപ്പള്ളി കയറിയ കാറിനു മുന്നിലേക്ക് തുള്ളുന്ന നിലപാടല്ല സുന്നികളുടേത്. ആ ധാർമ്മികമായ കരുത്തിനെ മൊത്തം സമൂഹത്തിനും ഗുണകരമാകുന്ന തരത്തിൽ പരിവർത്തിപ്പിക്കുക എന്നതാണ് സുന്നികളുടെ ശൈലി. അകത്തുള്ളതിനെ മറച്ചുപിടിച്ച്, പുറമേക്ക് വിരൽ ചൂണ്ടുന്നതല്ല ഇക്കാലമത്രയും സുന്നികൾ സ്വീകരിച്ച രീതി. അതുകൊണ്ടാണ് ഇന്നലെ കേരളയാത്ര കഴിഞ്ഞു വരുമ്പോൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് കൂടുതൽ രൂക്ഷമായി ഭാഷയിൽ കാന്തപുരം ഉസ്താദ് പ്രതികരിച്ചതും. ആ ധാർമിക ബോധമാണ് സുന്നികളുടെ രാഷ്ട്രീയത്തിന്റെ അടിത്തറ. മുജാഹിദും, ജമാഅത്തുകാരനും, ഒരമുസ്ലിമും തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ, സുന്നികൾ അമുസ്ലിമിനെ പിന്തുണക്കും എന്ന് 1970 കളിൽ ഇ കെ അബൂബക്കർ മുസ്‌ലിയാർക്ക് പറയാൻ കഴിയുന്നതും, അത് തന്നെയാണ് ഇപ്പോഴും സുന്നികളുടെ നിലപാടെന്ന് ഖലീലുൽ ബുഖാരി തങ്ങൾക്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാൻ സാധിക്കുന്നതും ആ ധാർമിക ബോധത്തിന്റെ കരുത്തു കൊണ്ടാണ്. ഒരേ സമയം ഗോൾവാൾക്കറിന്റെ ജന്മദിനം അഘോഷിക്കുകയും ജമാഅത്തെ ഇസ്ലാമിക്ക് പോലും ഇല്ലാത്ത വാദങ്ങൾ നിരത്തി ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിന് ആ ധാർമിക ബോധത്തെ മനസ്സിലാവില്ല. അദ്ദേഹത്തെ പോലുള്ളവരുടെ ആ മനസ്സിലാകായ്മയെ കൂടി നേരിട്ടുകൊണ്ടല്ലാതെ സുന്നികൾക്ക് ഈ കാലത്തെയും അതിന്റെ കെടുതികളെയും അതിജയിക്കാൻ കഴിയില്ല.

Also Read- എൻഎസ്എസ്–എസ്എൻഡിപി വിമർശനം: വി ഡി സതീശനെ പിന്തുണയ്ക്കാൻ മടിച്ച് യുഡിഎഫ്

വെള്ളാപ്പള്ളിയോട് ജമാഅത്തെ ഇസ്ലാമിയെ സമീകരിക്കുന്നത് അതിരു കടന്ന നീക്കമല്ലേ എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കരുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ വേണ്ടത്ര മനസ്സിലാക്കാത്തത് കൊണ്ടാണ്. വെള്ളാപ്പള്ളി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ആശയസംഹിത അപകടകരമോ ദേശവിരുദ്ധമോ അല്ല. വെള്ളാപ്പള്ളി എന്ന വ്യക്തിക്ക് ഒരു പരിധിക്ക് അപ്പുറം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ സ്വാധീനിക്കാനും കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ചു എന്ന് വിഡി സതീശനെ പോലുള്ളവർ വാദിക്കുന്ന മാറ്റത്തെ കുറിച്ച് മനസ്സിലാക്കാൻ ദീർഘകാലം മാധ്യമത്തിലും പിന്നീട് മീഡിയ വണ്ണിലും ജോലി ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി ടി നാസർ എഴുതിയ “ആ പുള്ളികള്‍ അത്ര എളുപ്പത്തില്‍ മായ്ച്ചുകളയാനാകുമോ, അമീര്‍?” എന്ന തലക്കെട്ടിലുള്ള ലേഖനം വായിച്ചു നോക്കാവുന്നതാണ്. ഒരുപക്ഷെ, കേരളത്തിലെ മാധ്യമപ്രവർത്തകരിൽ പി ടി നാസറിനോളം ജമാഅത്തെ ഇസ്‌ലാമിയെ അടുത്തറിയാവുന്ന, അവരുടെ രാപ്പനികൾ അറിയാവുന്ന മാധ്യമ പ്രവർത്തകർ വേറെ ഉണ്ടാവില്ല.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകൾ വരുന്നതും കാത്തിരിക്കുന്നവർക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം. എന്നാൽ സുന്നികൾക്ക് അതല്ല കേരളം. കനഗോലു-ഐപാക് ടീം ഓടിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ആ കാറിൽ കയറണോ വേണ്ടയോ എന്നത് സുന്നികൾക്ക് ഒരു സാങ്കേതിക കാര്യമല്ല . ധാർമികമായ ഉത്കണ്ഠയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News