
മുന്നണി മാറ്റം തള്ളി ജോസ് കെ മാണി. കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന വാർത്തകൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടി ഇടതുപക്ഷത്തിനൊപ്പം തന്നെ തുടരുമെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിനെ ഓർത്ത് ആരും കരയേണ്ടതില്ലെന്നും പാർട്ടിക്കുള്ളിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും അഞ്ച് എം.എൽ.എമാരും ഉറച്ചുനിൽക്കും. വരാനിരിക്കുന്ന LDF മേഖല ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയായിരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ക്രമീകരണങ്ങൾ നടത്തേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അത് മുന്നണി മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കേരള കോൺഗ്രസ് ആർക്കൊപ്പമാണോ അവിടെയാണ് അധികാരം. അതുകൊണ്ടാണ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അനിവാര്യ ഘടകമായി മാറുന്നത്. പാർട്ടിക്ക് എപ്പോഴും ഒറ്റ നിലപാടേയുള്ളൂ. വിസ്മയ പരാമർശം കേരള കോൺഗ്രസുമായി കൂട്ടി വായിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറഞ്ഞിട്ടാണ് റോഷി അഗസ്റ്റിൻ പ്രതീകരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

