
കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും പ്രമുഖ നേതാക്കളും രംഗത്തെത്തി. കോട്ടയത്ത് നടന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് മുന്നണി മാറ്റ വാർത്തകളിൽ നേതൃത്വം വ്യക്തത വരുത്തിയത്.
യുഡിഎഫ് പ്രവേശനം എന്നത് നിലവിൽ ഒരു ‘തുറക്കാത്ത പുസ്തകം’ മാത്രമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കിൽ അത് വായിച്ചു കഴിഞ്ഞ് അടച്ചുവെച്ചോളൂ എന്നും ജോസ് കെ. മാണി പരിഹസിച്ചു. മാധ്യമങ്ങളല്ല പാർട്ടിയുടെ അജണ്ട തീരുമാനിക്കുന്നതെന്നും എൽഡിഎഫിന്റെ മേഖല ജാഥാ ഒരുക്കങ്ങളാണ് സ്റ്റിയറിങ് കമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പാർട്ടി എംഎൽഎമാരും മുന്നണി മാറ്റ വാർത്തകളെ തള്ളിക്കളഞ്ഞു. പാർട്ടിക്കുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. മുന്നണി മാറ്റം പാർട്ടിയുടെ തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന പ്രചാരണമാണെന്ന് എൻ. ജയരാജ് ആരോപിച്ചപ്പോൾ, സഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദവുമില്ലെന്ന് ജോബ് മൈക്കിൾ എംഎൽഎയും വ്യക്തമാക്കി.
മാധ്യമങ്ങൾ സൃഷ്ടിച്ച അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും നേതാക്കൾ ഒരേസ്വരത്തിൽ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

