
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ട് ചെയ്യാനായി എത്തുന്നവർ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങളുണ്ട്.
- തദ്ദേശ തിരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
- ഓർമയിലുണ്ടാവണം വോട്ടിംഗ് സമയക്രമം
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
- ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹം
ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്.
അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറും. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.
ALSO READ : കാസർഗോഡിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി LDF ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പ്രകാശനം ചെയ്തു
- തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല
- പോളിങ് സ്റ്റേഷൻ പ്രവേശനത്തിന് നിയന്ത്രണമുണ്ട്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കുന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

