
കേരളത്തിന്റെ വികസനത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന പ്രീ-ബജറ്റ് യോഗത്തിലാണ് മന്ത്രി കെ എൻ ബാലഗോപാൽ ഈ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) അനുവദിക്കണമെന്നും ശബരി റെയിൽ പാതയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും യോഗത്തിൽ കേരളം ആവശ്യപ്പെട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി പ്രത്യേക പരിഗണന വേണമെന്നും പദ്ധതിയെ ഭാരത് മാല പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്ത് ആവശ്യമായ റെയിൽ കണക്റ്റിവിറ്റി, സീഫുഡ് പാർക്ക്, ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവയ്ക്കായും കേരളം കേന്ദ്രസഹായം തേടിയിട്ടുണ്ട്. വിഴിഞ്ഞം മുതൽ ചവറ വഴി കൊച്ചി വരെ നീളുന്ന റെയർ എർത്ത് ഇടനാഴി യാഥാർത്ഥ്യമാക്കാൻ 1,000 കോടി രൂപ അനുവദിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ, വിബി ജി റാം ജി പദ്ധതിയിലെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. കൂടാതെ, തകർച്ച നേരിടുന്ന കർഷകരെ സഹായിക്കുന്നതിനായി റബ്ബറിന്റെ തറവില 250 രൂപയായി വർദ്ധിപ്പിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കശുവണ്ടി കയർ കൈത്തറി മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം,അങ്കണവാടി ആശ പ്രവർത്തകർക്ക് ഓണറേറിയം വർധിപ്പിക്കണം
മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കാൻ 1000 കോടി അനുവദിക്കണം,ആധുനിക നഗര ഗതാഗത സംവിധാനം, മെട്രോ വികസനം എന്നിവയ്ക്ക് പണം അനുവദിക്കണം തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങൾ.ക്ഷേമ പദ്ധതികൾക്ക് പ്രത്യേക കേന്ദ്ര സഹായം വേണം വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

