
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതും, പൊലീസ് കേസെടുത്തതും കഴിഞ്ഞ ദിവസത്തെ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരുന്നു. ഓരോ താൽപര്യങ്ങൾക്ക് അനുസരിച്ച്, പ്രാധാന്യത്തോടെയും അല്ലാതെയും ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാർത്ത നൽകി. എന്നാൽ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക മാത്രം ഇക്കാര്യം അറിഞ്ഞില്ല. വീക്ഷണം വരെ അപ്രധാനമായെങ്കിലും കഴിഞ്ഞ ദിവസം നൽകിയ വാർത്തയാണ് ചന്ദ്രിക അറിയാതെ പോയത്. രാജാവിനേക്കാൾ വലിയ രാജഭക്തി എന്ന നിലയ്ക്കാണ് ചന്ദ്രിക ഈ വാർത്ത മുക്കിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഉയർന്ന സമയത്ത് കോൺഗ്രസ് നേതാക്കൾ പോലും തള്ളിപ്പറയുന്ന ഘട്ടത്തിൽ ലീഗ് നേതാക്കൾ നിശബ്ദത പാലിച്ചതും, ചിലർ പരസ്യമായി പിന്തുണച്ചതും ചർച്ചയായിരുന്നു. ഇതേപോലെ തന്നെ സൈബറിടത്തിൽ ലീഗ് അണികൾ രാഹുലിന് പൂർണ പിന്തുണയുമായി എത്തി.
രാഹുലിനെ വിമർശിച്ച കോൺഗ്രസിലെ ഉൾപ്പടെയുള്ള നേതാക്കൾക്കും കുടുംബത്തിനുമെതിരെ ഷാഫി-മാങ്കൂട്ടത്തിൽ ഫാൻസ് സൈബറാക്രമണം നടത്തിയപ്പോൾ ലീഗ് അണികളും ഒപ്പമുണ്ടായിരുന്നു. രാഹുലിനെ സസ്പെൻഡ് ചെയ്തപ്പോഴും ലീഗ് നേതാക്കളും അണികളും ചന്ദ്രികയും മൃദുസമീപനമാണ് പുലർത്തിയത്.
എല്ലാം കഴിഞ്ഞ്, യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഷാഫി-മാങ്കൂട്ടത്തിൽ ഫാൻസ് സൈബറിടത്തിൽ ഏറെക്കുറെ നിശബ്ദമാണ്. എന്നാൽ ലീഗ് അണികൾ ഇപ്പോഴും, മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും, എതിരായ വാർത്തകൾക്ക് അടിയിൽ തെറിയഭിഷേകം നടത്തിയും മുന്നോട്ടുപോകുകയാണ്. കോൺഗ്രസ് നേതാക്കളും അണികളും തള്ളിപ്പറയുന്ന ഘട്ടത്തിലാണ് ലീഗ് അണികൾ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്ത് പിടിച്ച് മുന്നോട്ടുപോകുന്നത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

