
കുട്ടിക്കാലത്ത് താൻ ഒരു അൾത്താര ബാലനായിരുന്നു എന്നും ക്രിസ്തു വചനങ്ങൾ കേൾക്കുക ചെയ്തതിന്റെ കൂടി ഫലമായാണ് താൻ കമ്മ്യൂണിസ്റ്റായതെന്നും സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. നിയമസഭ പുസ്തകോത്സവ വേദിയിൽ ‘കഥ, കഥാപാത്രം, കഥാകൃത്ത്’ എന്ന സെഷനിൽ എബ്രഹാം മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അൾത്താര ബാലൻ ആയിരുന്ന ബേബിയെക്കുറിച്ച് എബ്രഹാം മാത്യു എഴുതിയ ‘ദൈവം നടന്ന വഴികൾ’ എന്ന കഥയിൽ ഊന്നിയായിരുന്നു ചർച്ച.
കുട്ടിക്കാലത്ത് ലഭിച്ച ക്രൈസ്തവ മൂല്യങ്ങളാണ് താൻ കമ്മ്യൂണിസ്റ്റ് ചിന്തയിലേക്ക് എത്താൻ വഴിയൊരുക്കിയതെന്ന് എം എ ബേബി പറഞ്ഞു. യേശുവിന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കി സമത്വവും നീതിയും മുന്നോട്ടുവച്ച മുൻ മാർപാപ്പ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരവും അദ്ദേഹം പങ്കുവച്ചു.
Also read : മകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം, സമയക്രമം അറിയാം
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ മാനസോല്ലാസം, എം പി ജോസഫിന്റെ യുക്തിപ്രകാശം എന്നിവ വായിച്ചതും പ്രൊഫ. കോവൂരിന്റെ പ്രഭാഷണങ്ങൾ കേട്ടതുമാണ് പള്ളിയിൽ പോകുന്ന ബാലനെ യുക്തിവാദത്തിലേക്ക് നയിച്ചതെന്ന് ബേബി പറഞ്ഞു. പിന്നീട് എറണാകുളത്ത് പി. ഗോവിന്ദപിള്ളയുടെ പ്രഭാഷണം കേട്ടതോടെയാണ് യുക്തിവാദം മറികടന്ന് മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്.
വിശ്വാസിയായ അമ്മയിൽ നിന്ന് പഠിച്ച വലിയ ജീവിതപാഠവും അദ്ദേഹം ഓർത്തെടുത്തു. യുക്തിവാദ സമ്മേളനത്തിൽ പങ്കെടുക്കാൻ പണമില്ലാതെ നിന്നപ്പോൾ അയൽവീട്ടിൽ നിന്ന് കടം വാങ്ങി തന്നത് അമ്മയാണെന്നും അത് വലിയൊരു പാഠമായിരുന്നെന്നും ബേബി പറഞ്ഞു.

അക്കാലത്ത് വിശ്വാസിയായ അമ്മയെ യുക്തിവാദത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇപ്പോൾ പിന്നോട്ട് നോക്കുമ്പോൾ ആ ശ്രമം മണ്ടത്തരവും യുക്തിഹീനവുമാണെന്ന് മനസിലാകുന്നുവെന്നും ബേബി പറഞ്ഞു.
പല മേഖലകളിലേക്കുള്ള താൽപ്പര്യം കാരണം ഏതെങ്കിലും ഒരു മേഖലയിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരുന്നതാണ് തന്റെ ഒരു കുറവായി താൻ കാണുന്നതെന്നും, വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാത്ത സ്വഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെ അല്ലായിരിക്കേണ്ടതാണെന്നും ബേബി കൂട്ടിച്ചേർത്തു.

ഒരു ജീവൻ എടുത്തുകളയുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും, ഹിംസ ആവശ്യമില്ലാത്ത സമത്വപൂർണമായ ലോകമാണ് മാർക്സിസം കൽപ്പന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടമില്ലാത്ത ഒരു സമൂഹമാണ് അതിന്റെ ലക്ഷ്യമെങ്കിലും ചരിത്രത്തിൽ രക്തചൊരിച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരം അഹിംസയിൽ അധിഷ്ഠിതമായിരുന്നുവെന്നത് വലിയ തോതിൽ ശരിയാണെങ്കിലും ക്വിറ്റ് ഇന്ത്യ സമരകാലത്ത് പലരും കൊല്ലപ്പെട്ടതും സത്യമാണ്.
‘കൂറ്റൻ’ എന്ന വാക്ക് കേൾക്കുമ്പോൾ കൊല്ലം എസ്.എൻ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രിയ അധ്യാപകനും സാഹിത്യ വിമർശകനുമായ കെ പി അപ്പനെ ഓർമ്മ വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. ആർട്സ് ക്ലബ് സെക്രട്ടറിയായിരിക്കുമ്പോൾ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ ‘കടുത്ത വെല്ലുവിളി’ എന്ന വാക്ക് ‘കൂറ്റൻ വെല്ലുവിളി’യാക്കി അപ്പൻ സാർ തിരുത്തിയ അനുഭവവും അദ്ദേഹം പങ്കുവച്ചു.
വീട്ടിൽ പുരുഷാധിപത്യ പെരുമാറ്റം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും മെച്ചപ്പെടാനുള്ള വഴിയുണ്ടെന്ന് ബേബി പറഞ്ഞു. സ്വന്തം വസ്ത്രങ്ങൾ കഴുകിവയ്ക്കൽ, മീൻ വറുക്കുന്നതിൽ സഹായിക്കൽ തുടങ്ങിയ ചെറിയ കാര്യങ്ങളിൽ മാത്രമാണ് ഇപ്പോൾ പങ്കാളിയെ സഹായിക്കുന്നതെന്നും, സുനിൽ പി ഇളയിടം പോലുള്ളവർ വീട്ടിലെ എല്ലാ ജോലികളും പങ്കിട്ടു ചെയ്യുന്ന രീതി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തെ ഒരു തർക്കവിഷയമാക്കേണ്ടതില്ലെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. തനിക്കു പ്രധാനമാകുന്നത് മനുഷ്യനും പ്രകൃതിയുമാണെന്നും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം അറിയുന്ന സർവ്വശക്തനായ ദൈവം ഉണ്ടെന്ന വിശ്വാസം തനിക്കില്ലെന്നും, അത്തരമൊരു ദൈവം ഉണ്ടായിരുന്നെങ്കിൽ ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടില്ലായിരുന്നുവെന്നും ബേബി വ്യക്തമാക്കി.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

