
കേരളം കൈവരിച്ച ചരിത്രനേട്ടങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങൾ പുതിയതല്ല. ഇപ്പോഴിതാ 2025 നവംബർ ഒന്നിന് ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ച ഒരു പദ്ധതിയെ, രണ്ട് മാസത്തിന് ശേഷം പുതിയൊരു വാർത്തയായി ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് മലയാള മനോരമ
2026 ജനുവരി 5-ലെ മനോരമയുടെ ഒന്നാം പേജ് വാർത്ത കണ്ടാൽ തോന്നും ‘അതിദാരിദ്ര്യ നിർമ്മാർജന രണ്ടാം ഘട്ട പദ്ധതി’ (EPEP 2.0) സർക്കാർ ഇന്നലെ പെട്ടെന്നുണ്ടാക്കിയ ഒന്നാണെന്ന്. സത്യത്തിൽ എന്താണ് യാഥാർത്ഥ്യം?
025 നവംബർ 1-ന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയിൽ സാക്ഷാൽ മമ്മൂട്ടി പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത രണ്ട് സുപ്രധാന രേഖകളുണ്ട്.
- പദ്ധതിയുടെ പൂർത്തിയായ റിപ്പോർട്ട്.
- ഈ വാർത്തയിൽ പറയുന്ന സാക്ഷാൽ EPEP 2.0 രേഖ.
പതിനായിരക്കണക്കിന് ജനങ്ങളെയും മാധ്യമങ്ങളെയും സാക്ഷി നിർത്തി, അന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യമാണ് ഇന്ന് മനോരമ ‘പുതിയ’ വാർത്തയായി എഴുന്നള്ളിക്കുന്നത്. എന്താണ് ഈ പദ്ധതി എന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടവർ വീണ്ടും ആ അവസ്ഥയിലേക്ക് പോകാതിരിക്കാനുള്ള കരുതൽ. ഒപ്പം 2022-ലെ സർവേയ്ക്ക് ശേഷം പുതുതായി ആരെങ്കിലും ആ അവസ്ഥയിൽ എത്തിയിട്ടുണ്ടെങ്കിൽ അവരെയും കൈപിടിച്ചുയർത്താനുള്ള ശാസ്ത്രീയമായ തുടർപദ്ധതി.
ഇതൊരു തുടർ പ്രക്രിയയാണെന്നും നേട്ടങ്ങൾ സ്ഥായിയായി നിലനിർത്താനാണ് 2.0 കൊണ്ടുവരുന്നതെന്നും അതിനുശേഷവും മുഖ്യമന്ത്രി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.”അതിദാരിദ്ര്യമുക്തരായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുത്. അതിനായുള്ള EPEP 2.0 പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഏറ്റെടുക്കേണ്ടതുണ്ട്.” എന്നായിരുന്നു അത്.
രണ്ട് മാസം മുമ്പ് നാട് ആഘോഷിച്ച ഒരു പദ്ധതിയെ ഇന്ന് മാത്രം കണ്ടുപിടിച്ച അത്ഭുതമായി അവതരിപ്പിക്കുന്നത് എന്തിനാണ്? ഇത് മനോരമയുടെ ഓർമ്മപ്പിശകല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. വാർത്ത കൊടുക്കാൻ ദാരിദ്ര്യമുണ്ടാകാം, പക്ഷേ പത്രപ്രവർത്തനത്തിൽ ഇത്രയ്ക്ക് ദാരിദ്ര്യം പാടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

