
കേരളത്തിന്‍റെ വിദ്യാഭ്യാസവും ആരോഗ്യവും തകർന്നു എന്ന് പറയണമെങ്കിൽ അസാമാന്യമായിട്ടുള്ള ധൈര്യം വേണമെന്ന് മന്ത്രി എം ബി രാജേഷ്. ഒരു ചാനൽ ചർച്ചയിൽ ലീഗ് പ്രതിനിധി അബ്ദുറഹ്മാൻ രണ്ടത്താണിയും ബിജെപിയുടെ പി എസ് ശ്രീധരൻപിള്ളയും ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയായിരുന്നു മന്ത്രി എം ബി രാജേഷ്. കേരളത്തിൻറെ പൊതുവിദ്യാഭ്യാസ മേഖലയിൽ 4000 കോടിയിലധികം രൂപയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ചെലവഴിച്ചത്. എന്താണ് അതിൻറെ നേട്ടം? കിഫ്ബി വഴി കേരളത്തിൽ എല്ലാ സ്കൂളുകളുടെയും സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റമല്ലേ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബി പദ്ധതികൾ കേരളത്തിലെ ഏത് മണ്ഡലത്തിൽ ഏത് സ്കൂളിലാണ് ഉണ്ടാവാത്തതെന്ന് നിങ്ങളുടെ തന്നെ എംഎൽഎമാരോട് ചോദിച്ചുനോക്കണമെന്ന് എം ബി രാജേഷ്, അബ്ദുറഹ്മാൻ രണ്ടത്താണിയോട് പറഞ്ഞു. തന്റെ മണ്ഡലത്തിന്റെ അനുഭവം തനിക്കുണ്ട്. ഓരോ എംഎൽഎക്കും അത് പറയാനുണ്ട്. കോടികൾ അല്ലേ സ്കൂളുകൾക്ക് കിട്ടിയത്. പണ്ട് എംഎൽഎ ഫണ്ടോ എംപി ഫണ്ടോ ആയിട്ട് കിട്ടുന്ന അഞ്ചോ പത്തോ ലക്ഷം രൂപയുടെ സ്ഥാനത്ത് ഇന്ന് കോടികളിൽ കുറഞ്ഞ ഫണ്ട് കിട്ടുന്നില്ല സ്കൂളുകൾക്ക് എന്നും മന്ത്രി പറഞ്ഞു.
‘നാലും അഞ്ചും കോടി ഓരോ സ്കൂളിനും കിട്ടുകയാണ് ലൈബ്രറി, ലബോറട്ടറി, മികച്ച കെട്ടിടങ്ങൾ. ഒരു അനുഭവം ഞാൻ പറയാം. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഒരു സ്കൂൾ ഉദ്ഘാടനം ചെയ്യാൻ ഞാൻ പോയി. കോർപ്പറേഷനും കൂടി ചേർന്ന് സംസ്ഥാന സർക്കാരും ചേർന്നുണ്ടാക്കിയ ഒരു സ്കൂളാണ്. ആ സ്കൂൾ ഉദ്ഘാടനം ചെയ്തു കഴിഞ്ഞപ്പോൾ മുകളിലെ നിലയിലേക്ക് പോകാൻ പ്രിൻസിപ്പാൾ ഞങ്ങളെ കൊണ്ടുപോയത് ലിഫ്റ്റിലാണ്. കേരളത്തിൻറെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന മാറ്റത്തിന്റെ ഒരു ഉദാഹരണമാണ് ഞാൻ പറഞ്ഞത്’- എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായിട്ടുള്ള അന്ധത ബാധിച്ചാൽ ഈ മാറ്റങ്ങൾ ഒന്നും കാണാനാവില്ലെന്ന് മന്ത്രി പറഞ്ഞു. അതാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെ ബാധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആകുമ്പോൾ ആ അന്ധത കൂടിവരും. നാഷണൽ സ്കൂൾ ക്വാളിറ്റി ഇൻഡെക്സ് ഇന്ത്യയിൽ കഴിഞ്ഞ ഏഴു വർഷമായിട്ട് തുടർച്ചയായിട്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. ഇപ്പോൾ 45000ൽ അധികം ക്ലാസ് മുറികൾ കേരളത്തിൽ ഹൈടെക് ആയി. പാർലമെന്റിൽ കൊടുത്ത ഒരു മറുപടി ഞാൻ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുകയാണ്. 21 ക്ലാസ് മുറിയാണ് ഗുജറാത്തിൽ ഹൈടെക് ആയിട്ടുള്ളത്. രണ്ട് നയങ്ങൾ തമ്മിലുള്ള, രണ്ടു മാതൃകകൾ തമ്മിലുള്ള വ്യത്യാസമാണെന്നും എം ബി രാജേഷ് പറഞ്ഞു.
18 വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സ്കൂളിൽ ഉച്ചഭക്ഷണം കൊടുക്കുന്നതിന്റെ ദൃശ്യം ടിവിയിൽ കണ്ട് നമ്മൾ നടുങ്ങി പോയില്ലേ. മുറ്റത്ത് നിരന്നിരിക്കുന്ന കുട്ടികളുടെ മുമ്പിൽ പത്രം വിരിച്ച് ആ പത്രത്തിൽ ഭക്ഷണം കൊടുക്കുന്നതും അത് വാരികഴിക്കുന്നതും നമ്മൾ കണ്ടതല്ലേ. ഇത് കേരളത്തിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? കേരളത്തിലെ ഉച്ചഭക്ഷണം ഇന്ന് അധ്യാപകർ കൂടി അവിടുന്നാണ് കഴിക്കുന്നത്. അത്രയും നിലവാരമുള്ള ഉച്ചഭക്ഷണമായി. കേരളത്തിലെ അംഗൻവാടിയിലെ കുട്ടി ആരോഗ്യമന്ത്രിയെ വീഡിയോ കോളിൽ വിളിച്ചു പറയുന്നു ബിർണാണി വേണം എന്ന്. പിറ്റേദിവസം ആരോഗ്യമന്ത്രി ഉത്തരവിടുന്നു, അംഗൻവാടികളിലെ മെനുവിൽ ബിരിയാണി കൂടി ഉൾപ്പെടുത്തണം. ഇതെല്ലാം നമ്മുടെ മുമ്പിലുള്ള ആരെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്ന കാര്യങ്ങളാണോയെന്നും എം ബി രാജേഷ് ചോദിക്കുന്നു.
ഇനി ആരോഗ്യ മേഖലയുടെ കാര്യം എടുക്കൂ, ഇതാ കഴിഞ്ഞ മാസമല്ലേ കഴിഞ്ഞ ആഴ്ചയല്ലേ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ആഘോഷിച്ച ഒരു വലിയ നേട്ടം നമ്മൾ കൈവരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ, ഒരു ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുകയാണ്. അതിന് സർക്കാർ സൗജന്യമായി വിട്ടുകൊടുത്ത ഹെലികോപ്റ്ററിൽ ഹൃദയം എത്തിക്കുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് ഒരു സൂപ്പർ സ്പെഷ്യാലിറ്റി പ്രൈവറ്റ് ആശുപത്രിയിൽ അല്ല. എറണാകുളം ഗവൺമെന്റ് ഹോസ്പിറ്റലിലാണ്, ജനറൽ ഹോസ്പിറ്റലിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്നു. ഈ നേട്ടങ്ങളൊക്കെ കാണാതിരിക്കുകയും ഒറ്റപ്പെട്ട ഏതെങ്കിലും സംഭവം ഉണ്ടായാൽ അതിനെ സാമാന്യവൽക്കരിച്ചും അതിശയോക്തിപരമായി പെരിപ്പിച്ചും ഒക്കെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് രീതിയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Also Read- നാളെ നാളെ നീളെ നീളെ ; കോൺഗ്രസിനോട് ഫണ്ടിനെക്കുറിച്ച് ഒരക്ഷരം ചോദിക്കരുത്
കേരളത്തിൽ നല്ലതൊന്നുമില്ല എന്ന് സ്ഥാപിക്കാൻ കുറച്ചുപേർ പെടാപ്പാട് പെടുന്നുണ്ട്. അത് ഇപ്പോൾ ഏറ്റുപാടേണ്ടത് അബ്ദുറഹ്മാൻ രണ്ടത്താണിയുടെ രാഷ്ട്രീയമായിട്ടുള്ള ഒരു ഗതികേടായി പോയി എന്നതുകൊണ്ട് അദ്ദേഹം പറയുന്നതാവാം. ഇന്ത്യയിൽ ആരോഗ്യ നിലവാര സൂചികയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം ഏതാണ്? കോൺഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങൾ ആണോ? കേരളമല്ലേ പ്രൈമറി ഹെൽത്ത് സെന്ററുകൾക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാരിക്കൂട്ടിയത്? നിങ്ങൾ നമ്മുടെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ, നമ്മുടെ സർക്കാർ ആശുപത്രികളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? എല്ലാം വന്നിട്ടുള്ള പുതിയ കെട്ടിടങ്ങൾ പുതിയ ബ്ലോക്കുകൾ എല്ലാം വന്നില്ലേ? എനിക്ക് എന്റെ മണ്ഡലത്തിൽ അനുഭവം ഇവിടെ പറയാൻ കഴിയും. പിഎച്ച്സികൾക്കൊക്കെ വന്നിട്ടുള്ള കെട്ടിടങ്ങൾ സൗകര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളത്.
അപ്പോ ആരോഗ്യ മേഖലയിൽ, കുറഞ്ഞ ശിശുമരണനിരക്കിൽ അമേരിക്കയെ പിന്തള്ളിയത് ഒരു മാസം മുമ്പാണ്. എത്രയാണ് ഒരു ലക്ഷം ലൈവ് ബർത്തിൽ 5.61 ആണ് അമേരിക്കയിൽ നവജാത ശിശുമരണം. കേരളം അത് മറികടന്ന് അഞ്ചായിട്ട് കുറച്ചു. സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ് ലോകമാകെ മുന്നോട്ടു വെച്ചിട്ടുള്ളതാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ. ഇന്ത്യ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എല്ലാം നേടുന്നതിൽ വളരെ പിന്നിലാണ്. എന്നാൽ 2030ൽ കൈവരിക്കേണ്ട മിക്ക ലക്ഷ്യങ്ങളും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇതിനകം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

