“സാഹിത്യത്തിൽ സഞ്ജയനും വി കെ എന്നും ചെയ്തത് സിനിമയിൽ ശ്രീനിവാസൻ ചെയ്തുവെന്ന് പറഞ്ഞാൽ അധികമാവില്ല”: മന്ത്രി എം ബി രാജേഷ്

M B RAJESH 'S POST ABOUT SREENIVASAN

മലയാളത്തിലെ അതുല്യനായ കലാകാരനായ ശ്രീനിവാസനെ അനുസ്‌മരിച്ച് മന്ത്രി എം ബി രാജേഷ്. മലയാള സിനിമയെ സാധാരണ മനുഷ്യരുടെ ജീവിതത്തോട് ചേർത്തുനിർത്തിയ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു ശ്രീനിവാസൻ എന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റിൽ പങ്കുവച്ചു. സിനിമയുടെ ഉള്ളടക്കത്തെയും നായകസങ്കല്പങ്ങളെയും അട്ടിമറിച്ച്, ജനകീയ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ വെള്ളിത്തിരയിലെത്തിച്ച കലാകാരനായിരുന്നു അദ്ദേഹംമെന്നും മന്ത്രി വ്യക്തമാക്കി

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

മലയാള സിനിമയെ മണ്ണിലേക്കിറക്കിക്കൊണ്ടുവന്ന ചുരുക്കം കലാകാരന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. സിനിമയുടെ ഉള്ളടക്കം, നായകസങ്കല്പം എന്നിവയെ അട്ടിമറിച്ച് സാധാരണമനുഷ്യരുടെ ജീവിതത്തോട് ചേർത്തുനിർത്തിയ പ്രതിഭാശാലി. തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ അര നൂറ്റാണ്ടോളം മലയാള സിനിമയുടെ സജീവ സാന്നിധ്യമായി മാറി. രൂപഭംഗിയല്ല, അഭിനയമാണ് അഭിനേതാക്കളുടെ കൈമുതലെന്ന് സിനിമാലോകത്തെ പഠിപ്പിച്ച ഒരാൾ.

ALSO READ : കാലാതീതമായ സംഭാവനകൾക്ക് നന്ദി; പ്രിയ നടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ​ഗവർണ്ണർ ആർലേക്കർ

രാഷ്ട്രീയ വിമർശനം നടത്തുമ്പോഴും സര്ഗാത്മകമായും അതിന് വിധേയരാകുന്നവരെ പോലും ചിരിപ്പിക്കുന്ന തരത്തിലുമായിരുന്നു അദ്ദേഹം എഴുതിയത്. സന്ദേശം അതുപോലൊരു സിനിമയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ അരാഷ്ട്രീയമായ കടുത്ത വിമർശനം നടത്തുമ്പോഴും അതിൻ്റെ സർഗ്ഗാത്മകത മൂലം ഇടതുപക്ഷക്കാർ പോലും ആസ്വദിക്കുന്നു. വിമർശനം നിശിതമാണ് എന്നാൽ അധിക്ഷേപമാവുകയുമില്ല. പ്രതിഭയുള്ളവർക്കു മാത്രം സാദ്ധ്യമാകുന്ന സിദ്ധിയാണത്. സാഹിത്യത്തിൽ സഞ്ജയനും വി കെ എന്നും ചെയ്തത് സിനിമയിൽ ശ്രീനിവാസൻ ചെയ്തുവെന്ന് പറഞ്ഞാൽ അധികമാവില്ല.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ സിനിമ ജീവശ്വാസമാക്കിയ കലാകാരനാണ്. 1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തുടങ്ങിയ ശ്രീനിവാസൻ പിന്നീട് മലയാളത്തിലെ നിരവധി ജനപ്രിയ സിനിമകളുടെ കഥാകാരനും തിരക്കഥാ കൃത്തുമായി.

ALSO READ : അശോകനും ബാലനും ജീവിതത്തിലും ഉറ്റതോഴന്മാർ

എൺപതുകളിലേയും തൊണ്ണൂറുകളിലേയും യുവത്വം നേരിട്ട തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ, മദ്ധ്യവർഗ്ഗ കുടുംബങ്ങളിലെ സംഘർഷങ്ങൾ എന്നിവയെല്ലാം ശ്രീനിവാസൻ പ്രമേയമാക്കി. ചിന്താവിഷ്ടയായ ശ്യാമള, തലയണ മന്ത്രം, വടക്കു നോക്കിയന്ത്രം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ്, ഗോളാന്തരവാർത്ത തുടങ്ങി ശ്രീനിവാസൻ കയ്യൊപ്പ് ചാർത്തിയ സിനിമകൾ ഏറെ ജനപ്രീതി നേടി.

അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. കോളേജ് വിദ്യാർത്ഥിയായിരിക്കെ മാഗസിനുവേണ്ടി ശ്രീനിവാസനെ ഇൻ്റർവ്യൂ ചെയ്യാൻ ഞാനും പൂക്കോട്ടുകാവിലെ കെ.ജയദേവനും കൂടിയാണ് പോയത് എന്നാണോർമ്മ. അന്ന് ശ്രീനിവാസൻ ഒരക്ഷരം മിണ്ടിയില്ല. ഞങ്ങളെ ഗൗനിച്ചതേയില്ല. നിരാശരായി, പരിഭവപ്പെട്ടാണ് ഞങ്ങൾ തിരിച്ചുപോയത്.

ALSO READ : നടൻ ശ്രീനിവാസന്റെ സംസ്കാരം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സർക്കാർ

ഷൂട്ടിങ്ങിനിടയിലായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹം സിനിമയിലെ കഥാപാത്രത്തിൻ്റെ ലോകത്തായിരുന്നു. ഇൻ്റർവ്യൂവിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എന്നതായിരുന്നു കാരണം. പിന്നീട് അദ്ദേഹത്തെ അടുത്തു പരിചയപ്പെടാനായി. ഒരുമിച്ച് പരിപാടികളിൽ പങ്കെടുത്തു. മലയാള സിനിമയിൽ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ ശ്രീനിവാസൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News