‘മുന്ന’ പ്രയോഗവും സുരേഷ് ഗോപിയുടെ വിറയലും; ചർച്ചയായി സെബിൻ എ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

SEBIN FACEBOOK POST

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി നടത്തിയ ‘മുന്ന’ പ്രയോഗവും അതിനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണവും കേരള രാഷ്ട്രീയത്തിൽ വാക്പോരുകൾക്ക് വഴി വച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട് സെബിൻ എ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. ജോൺ ബ്രിട്ടാസ് സഭയിൽ നടത്തിയ പ്രസംഗവും അതിനുപിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും പോസ്റ്റിൽ നിശിതമായി വിശകലനം ചെയ്യുന്നുണ്ട്.

‘ഈ സഭയിൽ ഒരു മുന്നയുണ്ട്, മുന്നമാരെ ജനം തിരിച്ചറിയും’ എന്ന് ബ്രിട്ടാസ് പ്രസംഗിച്ചപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി അസ്വസ്ഥനായെന്നും, ആ പേര് തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു. യുഡിഎഫിന്റെ എംപിമാർ ഒന്നൊഴിയാതെ എല്ലാവരും കേരളത്തിനിട്ടു പാരയും പാരഡിയുമായി നടന്നപ്പോൾ ബ്രിട്ടാസ് ഇടതടവില്ലാതെ കേരളത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്ര മന്ത്രിസഭാംഗങ്ങളെ കണ്ടു എന്നും പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

ഈ സഭയിൽ ഒരു മുന്നയുണ്ട്, മുന്നമാരെ ജനം തിരിച്ചറിയും,’ എന്നു ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പ്രസംഗിച്ചപ്പോൾ സുരേഷ് ഗോപി വിറകൊണ്ടു. ‘അതെന്നെയാണ് ഉദ്ദേശിച്ചത്, എന്നെത്തന്നെയാണ് ഉദ്ദേശിച്ചത്’ എന്ന് അയാൾക്കു മനസ്സിലായി. അന്നുമുതൽ ആ വിളിപ്പേര് കുടഞ്ഞുകളയാൻ അയാൾ ശ്രമിക്കുകയാണ്. അതിന് അദ്ദേഹത്തെ സഹായിക്കുന്നതാരാണ്? ആരുടെ വോട്ടു കടംകൊടുത്താണോ സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്, അതേയാൾക്കാർ, അതേ യുഡിഎഫുകാർ. അതിനവരെ സൈദ്ധാന്തികമായി പ്രാപ്തരാക്കിയതോ, സഭയിലെ പരാമർശം വളച്ചൊടിച്ചു വാർത്തയെ വക്രീകരിച്ച മീഡിയ വണ്ണിലെയും മാദ്ധ്യമത്തിലെയും മൗദൂദിസ്റ്റുകൾ.

ബ്രിട്ടാസ് ചെയ്തത് എന്താണ്? ഏതൊരു രാജ്യസഭാ എംപിയുടെയും കർത്തവ്യമാണ് അവർ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുക എന്നത്. യുഡിഎഫിന്റെ എംപിമാർ ഒന്നൊഴിയാതെ എല്ലാവരും കേരളത്തിനിട്ടു പാരയും പാരഡിയുമായി നടന്നപ്പോൾ ബ്രിട്ടാസ് ഇടതടവില്ലാതെ കേരളത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്ര മന്ത്രിസഭാംഗങ്ങളെ കണ്ടു. ലെയ്സൺ ചെയ്തു. ചില കാര്യങ്ങൾ സാധിച്ചെടുത്തു. ചില കാര്യങ്ങൾ നടക്കാതെ പോയി. ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വത്തിന് അപ്പുറത്തേക്ക് അതിലൊന്നുമില്ല.

ALSO READ : ‘കോൺഗ്രസ് വെറും വടക്കുനോക്കിയന്ത്രങ്ങൾ’; ജമാഅത്ത് ബന്ധം സംരക്ഷിക്കാൻ കലാപങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ഷോൺ ജോർജ്ജ്

സംസ്ഥാനത്തെ അന്ത്യോദയ അന്നയോജനാ കാർഡ് ഉടമകളുടെ റേഷൻ മുടക്കാൻ പ്രയത്നിച്ച പ്രേമചന്ദ്രനേയോ അതിനു കൂട്ടുനിന്ന എം കെ രാഘവനെയോ MGNREGS പദ്ധതി അട്ടിമറിച്ചുകൊണ്ട് രണ്ടാമതും മഹാത്മാഗാന്ധിയെ ബിജെപി ഗവൺമെന്റ് കൊലചെയ്ത ദിവസം പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ പോയി തേയിലവെള്ളം മോന്തവെ, താൻ പ്രതിനിധാനം ചെയ്യുന്ന, നേരത്തെ തന്റെ സഹോദരൻ പ്രതിനിധാനം ചെയ്ത വയനാട് മണ്ഡലത്തിലെ പ്രകൃതിക്ഷോഭത്തിന് അഞ്ചിന്റെ നയാപൈസ അനുവദിക്കാത്ത പ്രധാനമന്ത്രിയോട് അതേക്കുറിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹത്തിന്റെ വിദേശയാത്രകളെ പ്രകീർത്തിച്ച പ്രിയങ്ക ഗാന്ധിയേയോ മുന്നയെന്നു വിളിക്കാൻ അവരുടെ നാവുപൊന്തില്ല എന്നതു പോകട്ടെ, കൃത്യമായും ഒരു സംഘപരിവാർ എംപിക്കു ചാർത്തിക്കിട്ടിയ ആ മുന്നപ്പേരിൽ നിന്ന് അയാളെ രക്ഷിക്കാനും പകരം ആ പേര് അയാൾക്കിട്ടുകൊടുത്ത ബ്രിട്ടാസിനെ അതേ പേരിൽ സ്ഥാപിച്ചെടുക്കാനും അത്യദ്ധ്വാനം ചെയ്യുന്ന ഈ മുന്നയ്ക്കു പിറന്നവന്മാർ തങ്ങളോടു തന്നെ ചെയ്യുന്ന കൊലച്ചതി എന്താണെന്ന് തിരിച്ചറിയണമെങ്കിൽ അവർ ഭരണത്തിൽ വരണം. (അങ്ങനെയൊരു കാലം ഉണ്ടാകാതെയിരിക്കട്ടെ!).

ALSO READ : കരുത്തോടെ കേരളം: വരുമാനവും ഉൽപ്പാദനവും ഇരട്ടി; സംസ്ഥാനത്തിന്റെ മുന്നേറ്റം ശരിവെച്ച് റിസർവ് ബാങ്ക് റിപ്പോർട്ട്

തങ്ങളുടെ വരുതിക്കു നിൽക്കാത്ത സംസ്ഥാനങ്ങളെ എല്ലാവിധത്തിലും വരിഞ്ഞുമുറുക്കുകയാണ് എൻഡിഎ സർക്കാർ. ഫെഡറലിസത്തെ കാറ്റിൽപ്പറത്തി എല്ലാ അധികാരവും എല്ലാ വരുമാനവും യൂണിയൻ സർക്കാരിൽ കേന്ദ്രീകരിക്കുകയാണ്. നികുതി പിരിച്ചാൽ ഭാഗം കൊടുക്കേണ്ടി വരും എന്നതുകൊണ്ട് നികുതിയേക്കാൾ കൂടുതലായി സംസ്ഥാനങ്ങളുമായി പങ്കിടേണ്ടാത്ത സെസും ഡ്യൂട്ടിയും പിരിക്കുക, കേന്ദ്ര പദ്ധതികളുടെ ഭാരം സംസ്ഥാനങ്ങൾക്കു കൂടി വീതിച്ചു നൽകുക, സംസ്ഥാനങ്ങൾക്കു മുമ്പു നൽകിക്കൊണ്ടിരുന്ന വരുമാനവിഹിതത്തിൽ ഭീമമായ വെട്ടിക്കുറവു വരുത്തുക, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പണം അനുവദിക്കണമെങ്കിൽ സംസ്ഥാനങ്ങൾക്കു വേണ്ടാത്ത പദ്ധതികൾ പോലും അവർ ആവശ്യപ്പെടുന്നതുപോലെ നടപ്പിലാക്കണമെന്ന നിബന്ധന വയ്ക്കുക, ഇതരവരുമാനമാർഗ്ഗങ്ങൾ തേടുന്നതിൽ നിന്നു സംസ്ഥാനങ്ങളെ പിന്തിരിപ്പിക്കാനായി ബഡ്ജറ്റേതര മാർഗങ്ങളെ പോലും സംസ്ഥാനത്തിന്റെ ബാധ്യതാപ്പട്ടികയിൽ പെടുത്തുക, സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള നിയമനിർമ്മാണത്തിന്റെ മേലെ തങ്ങളുടെ ഗവർണർമാരെ ഉപയോഗിച്ച് അടയിരിക്കുക, സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലേക്കു കടക്കുമ്പോൾ സംസ്ഥാനത്തിനു നേരത്തെ അനുവദിച്ച കടമെടുക്കൽ പരിധി പൊടുന്നനെ വെട്ടിച്ചുരുക്കി നാടിനെതിരെ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക എന്നിങ്ങനെ ഈ നാടിനെ ഞെരുക്കുകയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന അർദ്ധഫാസിസ്റ്റ് മുന്നണി.

അതിനെതിരെ ഒരു വാക്കുപറയാനോ അവർ അവതരിപ്പിക്കുന്ന ബ്ലാങ്കറ്റ് ബില്ലുകളിൽ ഒരു ഭേദഗതിയെങ്കിലും അവതരിപ്പിക്കാനോ ഷാഫിയും വേണുഗോപാലും അവരുമിവരുമൊക്കെയടങ്ങുന്ന കോൺഗ്രസ് എംപിമാർക്കു നേരമില്ല. പകരം പോറ്റിയേ കേറ്റിയേ എന്ന പാട്ടുപാടാൻ ആയിരം നാവാണ്. ഒടുവിൽ പോറ്റി അയ്യപ്പന്റെയടുത്ത് ചെല്ലുന്നതിനും മുമ്പ്, “ദൈവത്തെപ്പോലെയുള്ള ഒരാളുടെ സാന്നിദ്ധ്യത്തിൽ” രണ്ടുതവണ അന്നത്തെ യുപിഎ ചെയർപേഴ്സണെ ചെന്നു കണ്ടതും അന്നു കെ മുരളീധരനു പോലും അനുമതി നിഷേധിച്ച സവിധത്തിൽ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയുമായി ചെന്നതും അടക്കം ഫോട്ടോ സഹിതം പുറത്തുവന്നപ്പോൾ പോറ്റിയുമില്ല, കേറ്റിയുമില്ല, ഇറ്റലിക്കു കയറ്റി അയച്ചെന്ന് ആരോപിച്ച സ്വർണ്ണവുമില്ല, ചാനൽ ചർച്ചയിൽ പോകാൻ ആളുമില്ല, പേരുമില്ല! മരിച്ചുപോയ മുൻ ദേ.ബോ.പ്ര പ്രയാർ ഗോപാലകൃഷ്ണനും കൂട്ടുമെമ്പർ അജയ് തറയിലും അന്നത്തെ മന്ത്രി ശിവകുമാറും ഇല്ലേയില്ല!

ALSO READ : ഹൈദരാബാദിൽ പ്രധാനാധ്യാപകന്റെ ക്രൂരത: ഏഴാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ചു

സുരേഷ് ഗോപിയെക്കാൾ ആ പേരിനർഹർ തങ്ങളാണെന്ന് ഓരോ ശ്വാസത്തിലും പ്രഖ്യാപിക്കുകയാണ് കേരളത്തിലെ സൈബർ കോൺഗ്രസുകാരും അവരുടെ പുന്നാരനേതാക്കളും.

സ്വർണ്ണംകട്ടവനാരപ്പാ, കോങ്കികളാണേ അയ്യപ്പാ എന്ന് ഒടുവിൽ ആ പാട്ട് പ്രചരിപ്പിച്ച ലീഗുകാർക്കു പോലും പറയേണ്ടിവരുമെന്നാണ് ലക്ഷണം കണ്ടിട്ടു തോന്നുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News