
കേന്ദ്രം നവംബറിൽ പ്രാബല്യത്തിൽ വരുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി നിബന്ധനകൾ കാരണം ഇൻഡിഗോ വിമാന സർവീസുകളില്‍ പ്രതിസന്ധി തുടരുമ്പോൾ പരിഹാരമാകാൻ സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയില്‍വെ. എന്നാല്‍ പ്രധാന ദീർഘ ദൂര റൂട്ടുകളില്‍ മാത്രം അനുവദിക്കുന്ന ട്രെയിൻ സർവീസുകൾ എത്രത്തോളം പരിഹാരമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇന്നും നാളെയുമാണ് പ്രത്യേക സർവീസുകളുണ്ടാകുക. 13 വരെ ഇത് നീട്ടാനും സാദ്ധ്യതയുണ്ട്. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. ദിവസങ്ങളായി മുന്നറിയിപ്പുകളില്ലാതെ സർവീസുകൾ മുടങ്ങുന്നതില്‍ യാത്രക്കാരില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ALSO READ : ‘യുഡിഎഫ്- ജമാഅത്തെ കൂട്ടുകെട്ട് മതനിരപേക്ഷ കേരളം അംഗീകരിക്കില്ല’: എം വി ഗോവിന്ദൻ മാസ്റ്റര്‍
വിഷയത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് സൂചന.ഇന്നും മുന്നറിയിപ്പില്ലാതെ സർവീസികൾ റദ്ദാക്കിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും നിരവധി യാത്രക്കാർ ഇന്ന് രാവിലെ യാത്ര ചെയ്യാൻ കഴിയാതെ കുടുങ്ങി കിടന്നു.
യാത്രക്കായി എയർപോർട്ടിലെത്തിയപ്പോഴാണ് സർവീസുകൾ റദ്ദാക്കിയതായി അറിയുന്നതെന്നും യാതൊരു മുന്നറിയിപ്പുമുണ്ടായില്ലെന്നും യാത്രക്കാർ പറയുന്നു.നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു, 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ്, കൊച്ചി ജമ്മു എന്നീ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇൻഡിഗോ വൈകും.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട അഞ്ച് ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്പത് ആഭ്യന്തര സർവീസുകളാണ് തടസ്സപ്പെട്ടത്. രാത്രി പുറപ്പെടേണ്ട ഷാർജ വിമാനവും വൈകിമാത്രമേ സർവീസ് നടത്തൂ. നിരവധി കണക്ഷൻ വിമാനങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്യേണ്ടുന്ന യാത്രക്കാരുണ്ട്. ഇവരും വലിയ ആശങ്കയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


