
അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ. കലോത്സവത്തിന്റെ മുഖ്യവേദിയായ തൃശൂർ തേക്കിന്‍ക്കാട് മൈതാനത്ത് പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്തേകാൻ ഒത്തുചേർന്നത്. വിദ്യാർത്ഥി ചങ്ങലയും തെരുവ് നാടകങ്ങളും ബോധവൽക്കരണ പരിപാടികളും കൊണ്ട് തേക്കിൻകാട് മൈതാനം ലഹരി വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി മാറി.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവ്വഹിച്ചു. ലഹരിയോട് നോ പറയുന്നത് പോലെ അനാരോഗ്യകരമായ പ്രവണതകളോടും പ്രകൃതിവിരുദ്ധമായ ശീലങ്ങളോടും നോ പറയാന്‍ നമ്മള്‍ ശീലിക്കണമെന്ന് മന്ത്രി ഉദ്‌ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
ALSO READ : ശബരിമല കട്ടിള പാളി കേസ് ; തന്ത്രി റിമാൻഡിൽ
ലഹരി ഉപയോഗം കുടുംബങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള സന്ദേശം കുട്ടികൾ തങ്ങളുടെ കലാരൂപങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു. മൈതാനത്ത് അണിനിരന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ കൈകോർത്ത് പിടിച്ച് ലഹരിക്കെതിരെയുള്ള ചങ്ങല തീർത്തത് കാണികളിൽ ആവേശം പടർത്തി.
ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജന്‍, തൃശൂർ ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

