കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; സാമ്പത്തിക ഉപരോധത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

K N BALAGOPAL PRESS MEET

കേരളത്തെ സാമ്പത്തികമായി തകർക്കാനും ചവിട്ടിത്താഴ്ത്താനും കേന്ദ്ര സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ വൻ വെട്ടിക്കുറവ് വരുത്തിയ കേന്ദ്ര നടപടിക്കെതിരെ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഈ വർഷം അനുവദിച്ച 42,000 കോടിയോളം രൂപയുടെ കടമെടുപ്പ് പരിധിയിലാണ് കേന്ദ്രം കത്തിവെച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചിലവുകൾ വർധിക്കുന്ന സമയത്താണ് ഈ ക്രൂരമായ വെട്ടിക്കുറയ്ക്കൽ എന്ന് അദ്ദേഹം ആരോപിച്ചു.

ALSO READ : കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.എൻ ബാലഗോപാൽ

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേരളത്തെ സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. “കേരളത്തിൻ്റെ കൈയും കാലും കെട്ടി വെള്ളത്തിലിട്ട അവസ്ഥയിലേക്കാണ് കേന്ദ്രം കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ഇത്രയും വലിയ സാമ്പത്തിക ഉപരോധത്തിന് മുന്നിലും കേരളം മുട്ടുമടക്കില്ല,” ബാലഗോപാൽ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയുള്ള സംസ്ഥാനമായിട്ടും കേരളത്തെ എന്തിനാണ് ഇത്തരത്തിൽ ദ്രോഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗ്രാമീണ മേഖലയുടെ നട്ടെല്ലായ തൊഴിലുറപ്പ് പദ്ധതിയെപ്പോലും ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേരളത്തെ കേന്ദ്രം ദ്രോഹിക്കുമ്പോൾ ഇവിടുത്തെ ബിജെപി, കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന മൗനത്തെയും മന്ത്രി വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും വോട്ട് മറിക്കാനായി ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ നേട്ടങ്ങൾ അട്ടിമറിക്കാൻ ഇരു കൂട്ടരും കൈകോർക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ : മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിന്‍മെന്‍റ് സ്വര്‍ണ്ണക്കേസ് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?: മുഖ്യമന്ത്രി

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കായി ജനങ്ങൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. കരോൾ തടയുന്നതും വർഗീയത പറയുന്നതും കേരളത്തിൽ നടപ്പില്ല. കേരളത്തിൻ്റെ മതേതര സ്വഭാവത്തെയും സാമ്പത്തിക പുരോഗതിയെയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നിലപാടുകളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News