
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം തുടരാൻ സർക്കാർ ഉത്തരവ്. ആറ് മാസക്കാലയളവിലേക്കോ അല്ലെങ്കിൽ വീട് നിർമ്മാണം പൂർത്തിയാകുന്നത് വരെയോ ഈ സഹായം ലഭ്യമാക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്കാണ് സഹായത്തിന് അർഹതയുള്ളത്. ഒരാൾക്ക് പ്രതിദിനം 300 രൂപ വീതമാണ് ബത്തയായി നൽകുന്നത്. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ അവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
ALSO READ : ജമാഅത്തെ ഇസ്ലാമിയെ തള്ളാതെ സതീശൻ; ഇരട്ടത്താപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈരളിയോട് ക്ഷോഭം
ധനസഹായം നീട്ടി നൽകാനുള്ള തീരുമാനം സർക്കാർ നേരത്തെ എടുത്തതാണെന്നും ഇതിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറക്കിയതായും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ജനുവരി മാസത്തെ ധനസഹായം കൃത്യമായി വിതരണം ചെയ്യുമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ധനസഹായം നിർത്തലാക്കുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മന്ത്രി ആരോപിച്ചു. വയനാട് ദുരന്തബാധിതരെ രാഷ്ട്രീയ ലാഭത്തിനായി ബലിയാടാക്കരുത്. ചൂരൽമലയിൽ വീട് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഇതുവരെ എത്ര വീടുകൾ പൂർത്തിയാക്കിയെന്നും ആരിൽ നിന്നെല്ലാം ഫണ്ട് സ്വീകരിച്ചുവെന്നുമുള്ള കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും മന്ത്രി കെ. രാജൻ വെല്ലുവിളിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

