
സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 21 പേർ മരണപ്പെട്ടു. കോർഡോബയ്ക്ക് സമീപമുള്ള അദാമുസ് പട്ടണത്തിന് അടുത്തുവെച്ചാണ് രാജ്യം കണ്ട വൻ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.അപകടവിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്ത് വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ALSO READ : താമരശ്ശേരിയിൽ വീടിന് തീപിടിച്ചു: ഫർണിച്ചറുകളടക്കം കത്തി നശിച്ചു; ആളപായമില്ല
മലാഗയിൽ നിന്ന് യാത്ര തിരിച്ച് വെറും പത്ത് മിനിറ്റിനുള്ളിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഏകദേശം 300-ഓളം യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ തകർന്ന ബോഗികൾക്കുള്ളിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

