ഗികുയു; പ്രതിരോധത്തിന്റെയും ആഫ്രിക്കൻ സാഹിത്യത്തിന്റെയും ഭാഷ

Ngũgĩ wa Thiong'o

‘ശരീരത്തെ കീഴ്പ്പെടുത്താനെ വെടിയുണ്ടകൾക്കാവൂ. ആത്മീയമായ കീഴ്പ്പെടുത്തലിന്റെ മാധ്യമം ഭാഷയാണ്’. എഴുത്തിനെ പോരാട്ടത്തിന്റെ ഭൂമികയാക്കി മാറ്റിയ ​ഗൂ​ഗി വാ തിഓംഗോയെ അടയാളപ്പെടുത്താൻ പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ‘വാക്കിന്റെ കൂടെരിയുന്നു’ എന്ന പാഠഭാ​ഗത്തിലെ ഈ വരികൾ തന്നെ ധാരാളമാണ്. ഭാഷ പ്രതിരോധത്തിന്റെ ആയുധമാക്കിയ ഗൂ​ഗി വാ തിഓം​ഗ എഴുതിയ മനസിന്റെ അപകോളിനീകരണം (Decolonising the Mind) എന്ന കൃതിയിലെ ഒരു ഭാ​ഗമാണ് പത്താം ക്ലാസിൽ പഠിക്കാനുള്ളത്.

സ്‌കൂള്‍ പരിസരത്ത് എവിടെയെങ്കിലും വച്ച് ഗികുയു ഭാഷയില്‍ സംസാരിച്ചു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്നത് ഏറ്റവും തരം താണ, ലജ്ജാവഹമായ അനുഭവങ്ങളിലൊന്നായി മാറുന്നതിനെക്കുറിച്ച്‌ ഗൂ​ഗി വാ തിഓംഗ തന്റെ ഈ അനുഭവത്തിൽ പറയുന്നുണ്ട്‌. മാതൃഭാഷ സംസാരിച്ചാൽ കുറ്റവാളിയാക്കപ്പെടുന്ന അവസ്ഥ! ഗികുയു സംസാരിച്ചാൽ കുറ്റവാളികള്‍ക്ക് ശാരീരിക പീഡകൾ നല്‍കിയിരുന്ന, ഞാന്‍ വിഡ്ഢിയാണ്‌, ഞാന്‍ കഴുതയാണ്‌ എന്നെഴുതി ഒരു പരന്ന കല്ല് കഴുത്തില്‍ കെട്ടി തൂക്കി നടത്തുന്ന അവസ്ഥയെക്കുറിച്ച്‌ ഗൂ​ഗി വാ തിഓംഗ എഴുതുമ്പോൾ കൊളോണിയലിസം “മൂന്നാംലോക’ രാഷ്‌ട്രങ്ങളിലെ മനുഷ്യന്റെ സംസ്‌കാരത്തെയും ഭാഷയെയും കാർന്നു തിന്നുന്നത്‌ എങ്ങനെയെന്ന്‌ വ്യക്തമാണ്‌.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടത്തിൽ പങ്കാളിയായ ഗൂ​ഗി വാ തി ഓംഗയുടെ ആയുധം എഴുത്തായിരുന്നു. ഗികുയു ഭാഷയിലൂടെ അദ്ദേഹം കൊളോണിയലിസത്തിനെതിരെ പ്രതിരോധങ്ങൾ തീർത്തു. കെനിയയിലെ മൗ മൗ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘മധ്യത്തിലെ ന‍ദി’ എന്ന നോവലാണ് എഴുത്തുകാരൻ എന്ന നിലയിൽ ​ഗൂ​ഗിയെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാക്കിയത്.

”അദ്ദേഹം ഒരു സമ്പൂര്‍ണ ജീവിതം നയിച്ചു, ഉജ്വല പോരാട്ടം നടത്തി” എന്ന ചെറിയ വാക്യങ്ങളിലൂടെയാണ്‌ ഗൂ​ഗി വാ തിഓംഗോയുടെ മകൾ വാന്‍ജികു വാന്‍ഗൂഗി പിതാവിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്‌. സാംസ്കാരിക അധിനിവേശത്തിനെതിരെ, യൂറോ – അമേരിക്കൻ സാമ്രാജ്യത്ത വാദികളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ആഫ്രിക്കൻ രാഷ്ട്രീയത്തെയും സംസ്കാരത്തെയും മോചിപ്പിക്കാനായി പോരാടിയ ​ഗൂ​ഗി വാ തിഓംഗോയുടെ ജീവിത പോരാട്ടത്തെ അന്വർഥമാക്കുന്നതാണ്‌ ഈ കുറിയ വാക്കുകൾ.

സാംസ്കാരിക അധിനിവേശത്തിനെതിരെ ഭാഷയെ ആയുധമാക്കി പോരാടാനായിരുന്നു ഗൂ​ഗി വാ തിഓം​ഗ തീരുമാനിച്ചത്. “മറ്റുള്ളവരുടേതിനു വേണ്ടി ഒരാൾ മാതൃഭാഷയെ ഉപേക്ഷിക്കുന്നത് ശരിയാണോ? ഇത് കൊടിയ വഞ്ചനയാണ്, അത് കുറ്റബോധം ജനിപ്പിക്കുന്നു. പക്ഷെ എന്നെ സംബന്ധിച്ച് മറ്റൊരു മാർ​ഗമില്ല. എനിക്ക് ആ ഭാഷ സമ്മാനിക്കപ്പെട്ടു. അതു പ്രയോ​ഗിക്കാനാണ് എന്റെ തീരുമാനം”. സ്വന്തം ഭാഷ പോരാട്ടത്തിന്റെ ആയുധമാക്കി എടുക്കാനുള്ള തീരുമാനത്തെ ഗൂ​ഗി വാ തിഓംഗ വിശദീകരിച്ചത് ഇങ്ങനെയാണ്.

ആം​ഗലേയത്തെ നിരാകരിച്ചതിനാലാണ് നൊബേൽ സമ്മാനമുൾപ്പടെയുള്ള ബഹുമതികൾ ഗൂ​ഗി വാ തിഓംഗയ്ക്ക്‌ ലഭിക്കാതെ പോയതെന്ന ആക്ഷേപമുണ്ട്. എന്നാൽ നോബേലും ബുക്കറും പോലെയുള്ള പുരസ്കാരത്തിന് അദ്ദേഹത്തെ പരി​ഗണിക്കാഞ്ഞത് പോരാട്ടത്തിന്റെ കരുത്തിനുള്ള അംഗീകാരമായാണ് വായനാലോകം കരുതുന്നത്.

ഭാഷയെ പ്രതിരോധത്തിന്റെയും സാമ്രാജ്യത്ത വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് തെളിയിച്ച സാഹിത്യക്കാരനായ ​ഗൂ​ഗി വാ തിഓംഗോ സാംസ്കാരിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിര പോരാളിയാണ്. ഭാഷാ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആധുനികകാലത്തെ അധികാര – അധിനിവേശ ഭരണ രൂപങ്ങൾക്കുള്ള മറുപടി കൂടിയാണ് ​ഗൂ​ഗി വാ തിഓംഗോയുടെ എഴുത്തുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News