
പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്നും 977 പേരെന്ന് എൻ ഐ എ റിപ്പോർട്ട്. ഒരു മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നും കൊച്ചിയിലെ എൻ ഐ എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാ സുദീന്‍, കെ പി അൻസാർ, സഹീർ എന്നിവരുടെ ജാമ്യ അപേക്ഷയെ എതിർത്തു കൊണ്ടായിരുന്നു എൻ ഐ എ റിപ്പോർട്ട്. പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പിടിച്ചെടുത്ത ഹിറ്റ്ലിസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 977 പേരുകളാണ് ലിസ്റ്റുകളിൽ ഉള്ളതെന്ന് ജൂൺ 11 ന് നൽകിയ റിപ്പോർട്ടിൽ എൻ ഐ എ കോടതിയെ അറിയിച്ചു.
Also Read: ‘മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു’; മോദി സ്തുതിയില്‍ ശശി തരൂര്‍
ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീൻ്റെ പക്കൽ നിന്നും ലഭിച്ച ഹിറ്റ് ലിസ്റ്റിൽ 240 പേരുടെ പട്ടികയാണ് ഉള്ളത്. പി എഫ് ഐ സായുധ പരിശീലനകേന്ദ്രമായ ആലുവയിലെ പെരിയാർ വാലിയിൽ 2022 സെപ്റ്റംബർ 22 ന് റെയ്ഡ് നടത്തിയിരുന്നു. ഒളിവിൽ പോയ പ്രതി അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്നും കേരളത്തിലെ ഒരു മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ അഞ്ചുപേരുകൾ ഉൾപ്പെട്ട ഹിറ്റ് ലിസ്റ്റ് കണ്ടെത്തി. 2023 ജനുവരി നാലിന് മുഹമ്മദ് സാദിക്കിന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവിൽ നിന്നും 197 പേരുകളുള്ള ഹിറ്റ് ലിസ്റ്റും, ഇയാളുടെ വീട്ടിൽ നിന്നും 35 പേരുകൾ ഉള്ള ഹിറ്റ് ലിസ്റ്റും കണ്ടെത്തി. ഒളിവിൽ പോയ ടി എ ആയൂബിന്റെ കൈവശം ഉണ്ടായിരുന്ന 500 പേരുകളുള്ള ഹിറ്റ് ലിസ്റ്റും എൻ ഐ എ പിടിച്ചെടുത്തു.
രഹസ്യ സ്വഭാവമുള്ള ലിസ്റ്റുകൾ അന്വേഷണസംഘം റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എതിരാളികളുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനും അവരെ ഇല്ലാതാക്കുന്നതിനുമായി റിപ്പോർട്ടേഴ്സ് വിങ്, കായിക ആയുധ പരിശീലന വിഭാഗം, സർവീസ് വിങ് അഥവാ ഹിറ്റ് ടീം എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഉണ്ടായിരുന്നെന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here