കരുതിയിരിക്കൂ, അർജന്‍റീനയുടെ നിക്കോ പാസ് നിസാരക്കാരനല്ല!

Nico-paz_argentina

കാത്തിരിപ്പുകൾക്ക് വിടചൊല്ലി മെക്സിക്കോയിലെയും കാനഡയിലെയും അമേരിക്കയിലെയും കളിക്കളങ്ങൾ ആവേശമാകാൻ തയ്യാറെടുത്തുകഴിഞ്ഞു. ഈ ലോകകപ്പിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അതിൽ ഏറ്റവും വലിയ സെൻസേഷനായി ഇതിനോടകം മാറിക്കഴിഞ്ഞു അർജന്‍റീനയുടെ യുവതാരം നിക്കോ പാസ്. എന്തുകൊണ്ടാണ് നിക്കോ പാസ് ഈ ലോകകപ്പിന്‍റെ സെൻസേഷനായി മാറിക്കഴിഞ്ഞത്?

ഖത്തർ ലോകകപ്പിൽ പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമുമായി വന്നാണ് അർജന്‍റീന കപ്പടിച്ചത്. അന്നത്തെ യുവനിരയിൽ ജൂലിയൻ അൽവാരസ്, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരൊക്കെ ഇത്തവണ വലിയ താരങ്ങളായി മാറിക്കഴിഞ്ഞു. ഇത്തവണയും മെസിയെപ്പോലെയുള്ള പരിചയസമ്പന്നർക്കൊപ്പം അർജന്‍റീനൻ ടീമിൽ ഒരുപിടി യുവപ്രതിഭകളുമുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് നിക്കോ പാസ്. അറ്റാക്കിങ് മിഡ്ഫീൽഡറായ ഈ ഇരുപത്തിരണ്ടുകാരൻ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ അർജന്‍റീനയുടെ ആരാധകർ. ഇറ്റാലിയൻ സീരി എയിൽ കോമോയ്ക്കുവേണ്ടി കളിക്കുന്ന പാസ് ഇക്കഴിഞ്ഞ സീസണിൽ 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ബോക്സിന് സമീപം പാസ് എത്തിയാൽ ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന് എതിരാളികൾക്ക് ഉറപ്പാണ്. മൂർച്ചയേറിയ പാസുകളും ആരെയും അമ്പരപ്പിക്കുന്ന പന്തടക്കവും, ഗോളിലേക്കുള്ള അകക്കണ്ണുമായുള്ള മുന്നേറ്റവുമാണ് പാസിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ലോകകപ്പിൽ സ്കലോണിയുടെ വജ്രായുധമായി പാസ് മാറിയേക്കുമെന്നാണ് ഫുട്ബോൾ വിദഗ്ദരുടെ കണക്കുകൂട്ടൽ.

ലയണൽ മെസി പാസിനെക്കുറിച്ച് പറയുന്നത് ഒന്ന് കേട്ടുനോക്കൂ, “മികച്ച നിലവാരമുള്ള കളിക്കാരനാണ് പാസ്. ഇനിയും ഒരുപാട് മെച്ചപ്പെടുകയും പരിചയസമ്പത്ത് ആർജിക്കുകയും ചെയ്യേണ്ടതുണ്ട്. അത് അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറപ്പാണ്. കളിയെയും മൈതാനത്തെയും പൂർണമായും മനസിലാക്കിക്കൊണ്ടാണ് അദ്ദേഹം പന്തുതട്ടുന്നത്. അർജന്‍റീനൻ ടീമിൽ ഏറെ ആസ്വദിച്ച് കളിക്കാൻ പാസിന് കഴിയുമെന്ന് ഉറപ്പാണ്”

Also Read- ഒരു ലോകകപ്പ് കൂടി… പന്ത് കൊണ്ട് വിസ്മയം തീർക്കാൻ മോഡ്രിച്ച് വീണ്ടും എത്തുന്നു

അർജന്റീന പരിശീലകൻലയണൽ സ്കലോണി, “ദേശീയ ടീമിൽ ഇടംനേടിയപ്പോൾ പാസ് ഒരുപാട് സന്തോഷിച്ചു. വലിയ ഭാവിയുള്ള കളിക്കാരനാണ് അദ്ദേഹം. റയൽ മാഡ്രിഡിന് പാസിനെ തിരികെവാങ്ങാൻ കഴിയുമെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ടതില്ല. റയലിന് വേണ്ടി കളിക്കാൻ മാത്രമല്ല, കരിയിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന എല്ലാ മികവും പാസിനുണ്ട്”.

ഏതായാലും നിക്കോ പാസിന്‍റെ ഇടംകാലിൽ വിരിയുന്ന മനോഹരമായ കാൽപ്പന്തുകളിയുടെ കാൽപനികതകൾക്കായി കാത്തിരിക്കുകയാണ് അർജന്‍റീനയുടെ ആരാധകർ. കളിത്തട്ടുണരുമ്പോൾ അർജന്‍റീനയുടെ ആക്രമണത്തിന്‍റെ കുന്തമുനയായി മെസിക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുന്ന പാസിനെ കാണാനാകുമെന്ന് പ്രതീക്ഷിക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News