അവൾ ‘നിധി’: ജാര്‍ഖണ്ഡ് സ്വദേശികൾ എറണാകുളത്തെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ നാളെ ഡിസ്ചാർജ് ചെയ്യും

NIDHI

ജാര്‍ഖണ്ഡ് സ്വദേശികൾ എറണാകുളത്തെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ നാളെ ഡിസ്ചാർജ് ചെയ്യും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും കൈകളില്‍ നിന്ന് കുഞ്ഞിനെ നാളെ വനിതാ ശിശു വികസന വകുപ്പിലെ ചുമതലപ്പെട്ടവര്‍ ഏറ്റുവാങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനിന്ന് നിധി യെന്ന് പേരിട്ടിരുന്നു. ‘നിധി’യെ സ്‌നേഹപൂര്‍വം പരിചരിച്ച, വിദഗ്ധ ചികിത്സ നല്‍കിയ ഡോ. ഷഹിര്‍ഷാ അടക്കമുള്ള ടീമിന് പ്രത്യേക അഭിനന്ദനങ്ങളെന്നും മന്ത്രി വീണാ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മന്ത്രി വീണാ ജോർജിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അവള്‍ നാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും കൈകളില്‍ നിന്ന് ആ മകളെ നാളെ വനിതാ ശിശു വികസന വകുപ്പിലെ ചുമതലപ്പെട്ടവര്‍ ഏറ്റുവാങ്ങും.

അവള്‍ ആരാണ് എന്നല്ലേ?

‘നിധി’

ജാര്‍ഖണ്ഡില്‍ നിന്നുള്ള മാതാപിതാക്കള്‍ എറണാകുളത്തെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കുഞ്ഞിന് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രി ഐസിയുവില്‍ ആയിരുന്ന ആ കുഞ്ഞിനെ ഒന്നര മാസം മുമ്പ് എറണാകുളം ജനറല്‍ ആശുപത്രി ഐസിയുവില്‍ കൊണ്ടുവന്നു. അന്ന് 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സയും പരിചരണവും നല്‍കിയത്. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. ഇന്നവള്‍ മിടുക്കി ആയിരിക്കുന്നു. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോള്‍ രണ്ടര കിലോ തൂക്കമുണ്ട്.

ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ അവള്‍ക്ക് ഒരു പേരിടണം എന്ന് ആവശ്യപ്പെട്ട് വിളിച്ചു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെ ‘നിധി’ എന്ന പേരായാലോ എന്ന് ഡോക്ടറോട് ചോദിച്ചു. ഡോക്ടര്‍ സന്തോഷപൂര്‍വ്വം ആ പേര് സ്വീകരിച്ചു.

‘നിധി’യെ സ്‌നേഹപൂര്‍വം പരിചരിച്ച, വിദഗ്ധ ചികിത്സ നല്‍കിയ ഡോ. ഷഹിര്‍ഷാ അടക്കമുള്ള ടീമിന് പ്രത്യേക അഭിനന്ദനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News