
രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനമായി ഇനി നിലമ്പൂര്‍ മാറും. നിലമ്പൂരില്‍ നടക്കുക എല്‍ഡിഎഫ്-യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടം. മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.
ഇടതു മുന്നണിയെ വഞ്ചിച്ച് യുഡിഎഫ് ചേരിയിലെത്തിയ പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. എല്‍ഡിഎഫിനെ സംബന്ധിച്ച് നിലമ്പൂരിലേത് അഭിമാന പോരാട്ടമാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസവും, പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവുമാണ് ഇടതുമുന്നണിയുടെ കൈമുതല്‍.
നിലമ്പൂര്‍ തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. എന്നാല്‍ പ്രതിപക്ഷനേതാവിനെതിരെ വരെ അഴിമതി ആരോപണം ഉന്നയിച്ച അന്‍വറിനെ ഒപ്പം കൂട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകണമെന്ന് വരെ അന്‍വര്‍ നിര്‍ദേശിക്കുന്ന അവസ്ഥ. വിഎസ് ജോയിയും, ആര്യാടന്‍ ഷൗക്കത്തും തമ്മിലുള്ള തര്‍ക്കവും രൂക്ഷം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.
അതേസമയം എല്‍ഡിഎഫ് – യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ എന്‍ഡിഎക്ക് മികച്ച സ്ഥാനാര്‍ഥിയെ പരീക്ഷക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും പ്രതിപക്ഷത്തിന്റെ വിലയിരുത്തലും നിലമ്പൂരില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി. തൊട്ടടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഇരു മുന്നണിക്കുമുള്ള കലാശക്കൊട്ടാണ് ജൂണ്‍ 19ന് നിലമ്പൂരില്‍ നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

