
‘ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുന്നവരാണ്. എന്നാലും സ്വരാജിന് വേണ്ടിയാകുമ്പോള്‍ അഭിമാനത്തോടെയും അന്തസ്സോടെയുമാണ് ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്’- ചുങ്കത്തറ മാര്‍ത്തോമ്മ കോളേജില്‍ കെ എസ് യു പാനലില്‍ ജയിച്ച മുന്‍ ജോയിന്റ് സെക്രട്ടറി സിന്ധു ശങ്കറിന്റെ വാക്കുകളാണിത്. രാഷ്ട്രീയ ഭേദമന്യേ സ്വരാജിനുള്ള പൊതുസമ്മിതിക്ക് കൂടുതല്‍ മാറ്റേകുകയാണ് ഈ വാക്കുകള്‍.
‘സ്വരാജ് എത്താത്ത ഒരു ക്ലാസ്മുറി പോലും ഇല്ല, എനിക്ക് സ്വരാജിന്റെ പ്രസംഗം കേള്‍ക്കാന്‍ ഇപ്പോഴും കൊതിയാണ്’- തന്റെ പ്രിയ സുഹൃത്തുമായുള്ള ക്യാമ്പസ് ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു പഴയ കെ എസ് യു നേതാവ്. നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ സ്വരാജിനായി പ്രിയപ്പെട്ടവര്‍ ഒത്തുകൂടിയപ്പോഴാണ് ഇന്ന് അധ്യാപികയായ സിന്ധു തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.
സ്വരാജിനെ കുറിച്ച് പറയുമ്പോള്‍ ആ പഴയ കെ എസ് യു നേതാവിന് ആയിരം നാവാണ്. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും അങ്ങനെത്തന്നെയായിരുന്നു. സ്വരാജ് അവര്‍ക്കിടയില്‍ സൃഷ്ടിച്ച പ്രഭാവം ഓരോരുത്തരുടെയും മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. മുഖ്യാതിഥിയായി എത്തിയ കെ ആര്‍ മീരയ്ക്കും സ്വരാജിനെ കുറിച്ച് വാതോരാതെ പറയാനുണ്ടായിരുന്നു. സ്വരാജിനൊപ്പം അദ്ദേഹത്തിന് ചുറ്റുമുള്ള സമൂഹം വളരുകയാണ് എന്നാണ് കെ ആര്‍ മീര പറഞ്ഞത്.
സ്വരാജിനെ വീണ്ടും നിയമസഭയില്‍ കാണണമെന്ന ആഗ്രഹത്തിലാണ് അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളുമെല്ലാം ആ കലാലയത്തില്‍ ഒത്തുകൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here