
നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കൃത്യവും സുഗമവുമായ രീതിയിൽ നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. സമയംഅവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. പുതുതായുള്ള ഉദ്യമത്തിന്റെ ഭാഗമായി, പ്രിസൈഡിങ് ഓഫീസർമാർ അതതു പോളിങ് സ്റ്റേഷനിൽനിന്നുള്ള വിവരങ്ങൾ ECINET ആപ്ലിക്കേഷനിൽ നേരിട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട്. പോളിംഗ് ശതമാന പ്രവണതകൾ ഏകദേശ കണക്കാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. 1961-ലെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 49S പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർക്ക്, രേഖപ്പെടുത്തിയ വോട്ടുകളുടെ യഥാർഥ കണക്കു വിശദീകരിക്കുന്ന ഫോം 17C പ്രിസൈഡിങ് ഓഫീസർമാർ കൈമാറി.
വോട്ടെടുപ്പ് ആരംഭിക്കുന്നതിനുമുമ്പ് ഓരോ സ്ഥാനാർഥിയും നിയോഗിച്ച 1052 എണ്ണം പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഓരോ പോളിങ് സ്റ്റേഷനിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ മോക്ക് പോൾ നടത്തി. ഉപതിരഞ്ഞെടുപ്പിനായി, 01.04.2025 യോഗ്യതാ തീയതിയായി കണക്കാക്കി വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്കരണത്തിനു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരുന്നു. വോട്ടർ പട്ടികയുടെ കരടു പ്രസിദ്ധീകരിച്ചത് 08.04.2025 നാണ്. അതിന്റെ പകർപ്പ് 12 അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്‍കിയിരുന്നു. പട്ടികകൾ കൃത്യമാണെന്നും ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെട്ടതാണെന്നും ഉറപ്പാക്കാൻ 263 പോളിങ് സ്റ്റേഷനുകളിലെ ബിഎൽഒമാർ നടപടികൾ സ്വീകരിച്ചു.
അംഗീകൃത രാഷ്ട്രീയ കക്ഷികൾ നിയമിച്ച 564 ബിഎൽഎമാർ വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിച്ച് 3613 അവകാശവാദങ്ങളും എതിർപ്പുകളും ഫയൽ ചെയ്തു. 05.05.2025 നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്കും ഇതിന്റെ പകർപ്പു് നൽകി. 1950-ലെ ആർപി നിയമത്തിലെ 24(എ) ഭാഗം അനുസരിച്ച് ജില്ലാ മജിസ്ട്രേറ്റ്/ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നിൽ അപ്പീലുകളോ 24(ബി) ഭാഗം അനുസരിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്കു മുന്നിൽ അപ്പീലുകളോ സമർപ്പിക്കപ്പെട്ടിട്ടില്ല.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 02.06.2025 നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അതിന്റെ പകർപ്പ് അന്ന് തന്നെ എല്ലാ സ്ഥാനാർഥികൾക്കും നൽകി. ആകെ 2,32,381 പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 സ്ഥാനാർഥികളാണു ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഒരു പോളിങ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്താനുളള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ സമീപകാല തീരുമാനത്തെത്തുടർന്ന്, വോട്ടർമാരുടെ സൗകര്യാർഥം അധികമായി 59 പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
ഓരോ പോളിങ് സ്റ്റേഷനിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, വോട്ടർമാരുടെ സൗകര്യാർഥം എല്ലാ പോളിങ് സ്റ്റേഷനുകളിലെയും പ്രവേശന കവാടത്തില്‍ ഇതാദ്യമായി മൊബൈൽഫോൺ സൂക്ഷിക്കൽ സംവിധാനമൊരുക്കി. 2 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ 03.02.2025 മുതല്‍ 07.02.2025 വരെ വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന നടത്തി.
സ്ഥാനാർത്ഥികളുടെ/അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിൽ 14.06.2025 നു കമ്മീഷൻ ചെയ്തു. ഓരോ ഘട്ടത്തിലും, വോട്ടിംഗ് മെഷീനുകളില്‍ മോക്ക് പോളുകൾ നടത്തുകയും വിവിപാറ്റ് സ്ലിപ്പുകൾ ഉപയോഗിച്ച് ഫലങ്ങൾ പരിശോധിക്കുകയും ചെയ്തു. സ്ഥാനാർഥികളുടെയും അവരുടെ അംഗീകൃത പ്രതിനിധികളുടെയും സാന്നിധ്യത്തിൽ രണ്ടു ഘട്ടങ്ങളായുള്ള റാൻഡമൈസേഷൻ പ്രക്രിയയിലൂടെയാണു പോളിങ് സ്റ്റേഷനുകളിലേക്ക് ഇവിഎമ്മുകൾ അനുവദിച്ചത്. പോളിങ് സ്റ്റേഷനുകളിൽ വിന്യസിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ പട്ടിക മത്സരിക്കുന്ന സ്ഥാനാർഥികൾക്കു നേരത്തേ നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ പൊതുനിരീക്ഷകരുടെ സാന്നിധ്യത്തിൽ മൂന്നു ഘട്ടങ്ങളായുള്ള റാൻഡമൈസേഷനിലൂടെയാണു പോളിങ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. പരിശീലന പരിപാടികളിൽ, ഓരോ പ്രിസൈഡിങ് ഓഫീസറും അവർക്കനുവദിച്ച ഇവിഎമ്മുകളിൽ 100 മോക്ക് വോട്ടുകൾ സ്വയം രേഖപ്പെടുത്തി. മോക്ക് പോളിന്റെ ഫലം പരിശോധിക്കുകയും വിവിപാറ്റ് സ്ലിപ്പുകൾ അതിനോടു പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്തു. പരിശീലനത്തിന്റെ അവസാനം, ഇവിഎമ്മുകളുടെ തികച്ചും സുരക്ഷിതമായ പ്രവർത്തനത്തിൽ പ്രിസൈഡിങ് ഓഫീസർമാർക്കു സമ്പൂർണ വിശ്വാസം കൈവന്നു.
വോട്ടർ പട്ടികയുടെ സംക്ഷിപ്ത പരിഷ്കരണം മുതൽ പോളിങ് വരെ ചീഫ് ഇലക്ടറല്‍ ഓഫീസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസർ/റിട്ടേണിംഗ് ഓഫീസർ തലങ്ങളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ആകെ 6 യോഗങ്ങൾ നടത്തി. വിവിധ തെരഞ്ഞെടുപ്പു പ്രക്രിയകളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനായി ആർഒ തലത്തിൽ സ്ഥാനാർഥികൾക്കും പ്രതിനിധികൾക്കുമായി 6 യോഗങ്ങളും നടത്തി.
തിരഞ്ഞെടുപ്പു കമ്മീഷന്റെ പുതുക്കിയ നിർദേശങ്ങൾ അനുസരിച്ച്, പോളിങ് സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിൽനിന്ന് 100 മീറ്റർ അകലെ സ്ഥാനാർഥികൾക്ക് അവരുടെ ബൂത്തുകൾ സ്ഥാപിക്കാൻ അനുമതി നല്‍കി. ഇതു വോട്ടർ സ്ലിപ്പുകൾ കൈവശമില്ലാതെ വരുന്ന വോട്ടർമാർക്കു കൂടുതൽ സൗകര്യപ്രദമായിരുന്നു. 85 വയസിനു മുകളിലുള്ളവരും പിഡബ്ല്യുഡി വോട്ടർമാരുമായ 1254 പേർക്ക് പോസ്റ്റൽ ബാലറ്റുകൾവഴി വീട്ടിലിരുന്നു വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കി. പ്രത്യേകം നിയോഗിച്ച സംഘങ്ങൾ സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇതിനു നേതൃത്വം നൽകി.
തിരഞ്ഞെടുപ്പു പ്രക്രിയ നിരീക്ഷിക്കുന്നതിനായി, തിരഞ്ഞെടുപ്പു കമ്മീഷൻ ഒരു പൊതു നിരീക്ഷകന്‍, ഒരു പൊലീസ് നിരീക്ഷകന്‍, ഒരു ചെലവു നിരീക്ഷകന്‍ എന്നിവരെയും നിയോഗിച്ചിരുന്നു. 25.05.2025 നു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം, വിവിധ എൻഫോഴ്സ്മെന്റ് ടീമുകൾ പണം, അനധികൃത മദ്യം, മയക്കുമരുന്ന്, സൗജന്യ ഉപഹാരങ്ങൾ, സ്വർണം എന്നിങ്ങനെ ഏകദേശം 61,89,900 രൂപ വിലമതിക്കുന്ന സാമഗ്രികൾ പിടിച്ചെടുത്തു. പൗരന്മാരിൽനിന്നു സി-വിജിൽ ആപ്ലിക്കേഷൻ വഴി 739 പരാതികൾ ലഭിച്ചു. അതിൽ 719 എണ്ണം നിശ്ചിത സമയപരിധിയായ 100 മിനിറ്റിനുള്ളിൽ പരിഹരിക്കുകയും ബാക്കിയുളളവ അതിന് ശേഷവും പരിഹരിച്ചു.
ഇൻഡെക്സ് കാർഡ് തയ്യാറാക്കുന്ന പ്രക്രിയയും തിരഞ്ഞെടുപ്പു കമ്മീഷൻ പുതുക്കി. പരമ്പരാഗത മാനുവൽ രീതികൾക്ക് പകരമാണിത്. ഈ പുതിയ സംവിധാനം ഓട്ടോമേഷൻ, ഡേറ്റ സംയോജനം എന്നിവയിലൂടെ വോട്ടെണ്ണലിനു ശേഷം ഇൻഡെക്സ് കാർഡുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതും പുറത്തിറക്കുന്നതും ഉറപ്പാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here