
പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ്-ജെർമെയ്ൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോല്പിച്ചു. പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു എന്ന് നിസ്സംശയം പറയാം.
ബയേണിന്റെ തിരിച്ചുവരവ്
മത്സരത്തിൽ ആദ്യം വെടിപൊട്ടിച്ചത് പെനാൽറ്റി മുതലാക്കിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിലൂടെ ബയേൺ മ്യൂണിക്ക് ആയിരുന്നു. എന്നാൽ അവരുടെ ആഹ്ലാദത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആതിഥേയർ തുടരെ തുടരെ ഗോളുകൾ നേടി. ഒരു ഘട്ടത്തിൽ ഖ്വിച ക്വരത്സ്ഖേലിയ, ഔസ്മാൻ ഡെംബെലെ എന്നിവരുടെ ഇരട്ട ഗോളുകളുടെ പിന്തുണയോടെ 5-2 എന്ന ശക്തമായ ലീഡിലേക്ക് അവർ ഉയർന്നു. പക്ഷെ കളിയിൽ പിന്നെയാണ് ട്വിസ്റ്റ് സംഭവിച്ചത്. കളിയുടെ അവസാന മിനിറ്റുകളിൽ ദയോട്ട് ഉപമെകാനോയുടെയും ലൂയിസ് ഡിയാസിന്റെയും ഗോളുകളിലൂടെ അവർ പാരീസിന്റെ ലീഡ് ഒരു ഗോളിലേക്ക് ഒതുക്കി.
രണ്ടാം പാദത്തിനായി ആവേശം
ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മത്സരത്തിൽ ജയിച്ചെങ്കിലും നിരാശയോടെയാവും പാരിസ് താരങ്ങൾ മടങ്ങുക. ഒരു ഘട്ടത്തിൽ ഉണ്ടായിരുന്ന നിർണ്ണായകമായ മൂന്നു ഗോൾ ലീഡ് കൈവിട്ടതിന് , മ്യൂണിക്കിൽ നടക്കുന്ന രണ്ടാം പാദത്തിൽ ചിലപ്പോൾ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ലീഡ് പ്രതിരോധിക്കാൻ പാരിസും സ്വന്തം ഗ്രൗണ്ടിൽ അത് മറികടക്കാൻ ബയേണും ഇറങ്ങുന്ന രണ്ടാം പാദ സെമിയിലാകും ഇനി എല്ലാ കണ്ണുകളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

