
പശ്ചിമ ബംഗാളില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. പുരുലിയ ജില്ലയിലെ ബലറാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നംഷോള്‍ ഗ്രാമത്തില്‍ എന്‍എച്ച് -18ലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ട്രക്കും കാറും ഹൈവേയില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 പേരും മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തില്‍ എസ്യുവി പൂര്‍ണ്ണമായി തകര്‍ന്നു. നാട്ടുകാരും പൊലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പുരുലിയയിലെ ബരാബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അദബാന ഗ്രാമത്തില്‍ നിന്ന് ജാര്‍ഖണ്ഡിലെ നിംദിഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിലൈതാന്‍ഡിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ബലറാംപൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സൗമ്യദീപ് മല്ലിക് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here