
സംസ്ഥാനത്ത് നിപ ബാധിച്ച എല്ലാവരും മരിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കള്ളപ്രചാരണം പൊളിച്ച് കണക്കുകള്‍. രാജ്യാന്തരതലത്തില്‍ 70 ശതമാനത്തിന് മുകളിലുള്ള നിപയുടെ മരണനിരക്ക് 33 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. നിപ ബാധിച്ച 31 പേരില്‍ 9 പേര്‍ മരണത്തെ അതിജീവിച്ചവരാണ്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ് പ്രതിപക്ഷത്തിന്റെ കേരള വിരുദ്ധ പ്രചാരണം.
ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇകഴ്ത്തിക്കാണിക്കാനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചുപറഞ്ഞ പച്ചനുണകളാണിത്. കണക്കുകളെ കുറിച്ചും യാഥാര്‍ത്ഥ്യത്തെ കുറിച്ചും ധാരണയില്ലാത്തവര്‍ക്ക് സത്യമെന്ന് തോന്നിപ്പോയേക്കാവുന്ന തരത്തില്‍ ആധികാരികമായാണ് വ്യാജ പ്രചരണം. എന്നാല്‍ എന്താണ് സത്യാവസ്ഥ. കേരളത്തില്‍ നിപ ബാധിച്ച മുഴുവര്‍ പേരും മരിച്ചോ. ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കണക്കുകളില്‍ അത് വ്യക്തം.
സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിക്കുന്നത് 2018 മെയ് മാസത്തിലാണ്. കോഴിക്കോടും മലപ്പുറത്തുമായി ആകെ 18 കേസുകള്‍. ഇതില്‍ രണ്ടുപേര്‍ രോഗം പൂര്‍ണമായും ഭേദമായി ജീവിതത്തിലേക്ക് മടങ്ങിവന്നു. 2019 ല്‍ എറണാകുളം സ്വദേശിയായ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ ആളിനെ സംസ്ഥാനം മരണത്തിന് വിട്ടുകൊടുത്തില്ല. ജീവനോടെ വീട്ടിലെത്തിക്കാന്‍ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് കഴിഞ്ഞു.
ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാള്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യാന്തരതലത്തില്‍ 70 ശതമാനത്തിന് മുകളിലുള്ള നിപയുടെ മരണനിരക്ക് ലോകത്തില്‍ ആദ്യമായി കേവലം 33 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായും രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ നിപ പ്രതിരോധം ഏറെ മുന്നിലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 31 കേസുകളില്‍ 9 പേര്‍ ജീവനോടെയുണ്ട് എന്നതാണ് വസ്തുത. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് പച്ചനുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here