നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകരെ വഴിയാധാരമാക്കി കേന്ദ്രസർക്കാർ, കേസന്വേഷണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി

NIRMMAL KRISHNA CASE

നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കേസന്വേഷണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങി. കേസന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിരുന്നു. സംസ്ഥാന സർക്കാർ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. കേസ് സിബിഐക്ക് അന്വേഷിക്കാൻ ആകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചു. ഇതോടെ നിക്ഷേപകരെ വഞ്ചിച്ച കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഉടലെടുക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി നിക്ഷേപകരുടെ 600 കോടിയോളം രൂപ നഷ്ടപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പാണ് നിര്‍മ്മല്‍ കൃഷ്ണ നിധി സാമ്പത്തിക തട്ടിപ്പ് കേസ്സ്. നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ്, നിര്‍മ്മല്‍ കൃഷ്ണ ബെനഫിറ്റ് ഫണ്ട് ലിമിറ്റഡ്, കൃഷ്ണാ ഫിനാന്‍സ് എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള്‍. കന്യാകുമാരി ജില്ലയിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ഥാപനത്തിന്‍റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം.

ALSO READ: വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം; പരാതി നൽകി

ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്തും ഗോള്‍ഡ് ലോണ്‍ വായ്പ നല്‍കി ആഭരണങ്ങള്‍ കൈക്കലാക്കിയുമാണ് ധനശേഖരണം നടത്തി നിക്ഷേപകരെ വഞ്ചിച്ചത്. നിക്ഷേപകരുടെ പണം തിരികെ നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തും നിരവധി നിക്ഷേപകര്‍ തട്ടിപ്പിനിരയായി. നിര്‍മ്മല്‍ കൃഷ്ണ ബെനഫിറ്റ് ഫണ്ട് ലിമിറ്റഡ് എന്ന പേരില്‍ മാരായമുട്ടം കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022ല്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ മാത്രം 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമെ കന്‍റോണ്‍മെന്‍റ് പോലീസ് ക്രൈം നമ്പര്‍ 681/2024 ആയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തുടര്‍ന്ന് കേസിലെ പ്രധാന പ്രതി നിര്‍മ്മലന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അറ്റാച്ച് ചെയ്ത് 25.11.2023ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ പ്രതികള്‍ വസ്തുവകകള്‍ മൂന്നാം കക്ഷികള്‍ക്ക് കൈമാറിയതായി ആരോപണമുണ്ട്. ഈ കേസിന്‍റെ അന്തര്‍സംസ്ഥാന ബന്ധങ്ങളും വിദേശത്തേക്ക് ഫണ്ടുകള്‍ മാറ്റിയിരിക്കാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോള്‍ തട്ടിപ്പുനടത്തിയ പണവും ആസ്തിയും കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണ്.

3 കോടിയില്‍ അധികം തട്ടിപ്പ് നടന്നിട്ടുള്ളതും ഒന്നിലധികം സംസ്ഥാനങ്ങളുമായോ വിദേശ രാജ്യങ്ങളുമായോ ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകള്‍ സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് BUDS ആക്ടിലെ വ്യവസ്ഥ.

ഇതിന്‍റെ അടിസ്ഥാനത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനും നിക്ഷേപകരുടെ സമ്പാദ്യങ്ങള്‍ തിരികെ ലഭിക്കുന്നത് ഉറപ്പാക്കുന്നതിനുമായി കേസ് അന്വേഷണം സിബിഐക്ക് കൈമാറി 27.03.2025ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട രേഖകള്‍ നേരിട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു.

സി.ബി.ഐയുമായി കൂടിയാലോചിച്ചുവെന്നും കേസന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് പ്രായോഗികമല്ലെന്നുമാണ് കേന്ദ്രമന്ത്രാലയം 02.03.2026ലെ കത്ത് മുഖാന്തിരം അറിയിച്ചിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപകരോട് കടുത്ത വഞ്ചനയും അനീതിയുമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News