‘നിര്‍മലാ സീതാരാമന്‍ സഭയില്‍ നടത്തിയത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന’; കേരളം ഇന്ത്യയിലെ മികച്ച തൊഴില്‍- തൊഴിലാളി സൗഹൃദ സംസ്ഥാനമെന്ന് മന്ത്രി ശിവന്‍കുട്ടി

nirmala-sitharaman-v-sivankutty

രാജ്യസഭയില്‍ കേരളത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാന്‍ ആണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തില്‍ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കര്‍ശനമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നോക്കുകൂലി അടക്കമുള്ള അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. 511/2018/തൊഴില്‍ – സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അമിത കൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും വിലക്കിയിട്ടുണ്ട്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ച തൊഴില്‍ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. തൊഴില്‍ മേഖലയില്‍ രാജ്യത്തിന് വഴികാട്ടിയാണ് കേരളം. ലോകമെങ്ങും തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും മാറ്റിവെയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരളം മികച്ച തൊഴിലാളി- തൊഴിലുടമാ ബന്ധം ഉറപ്പാക്കുകയും തൊഴിലിട സൗഹൃദ സംസ്‌കാരം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത്.

Read Also: കേരളത്തില്‍ നോക്കൂകൂലിയുണ്ട്, കമ്മ്യൂണിസമാണ് വ്യവസായത്തെ നശിപ്പിച്ചത്: രാജ്യസഭയില്‍ സംസ്ഥാനത്തെ അവഹേളിച്ച് കേന്ദ്ര ധനമന്ത്രി

കേരളം രാജ്യത്ത് ആദ്യമായി തൊഴില്‍ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ്. സംതൃപ്തവും ഉത്സാഹഭരിതവുമായ തൊഴില്‍ മേഖല സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും പൂര്‍ണമായും പിന്തുണ നല്‍കുന്നു. വികസന സൗഹൃദ തൊഴില്‍ സംസ്‌കാരം ഉറപ്പാക്കുന്നതിലൂടെയും തൊഴിലാളി- തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെയും കേരളം സുസ്ഥിര വികസനത്തിന് മാതൃകയായി മാറിയിരിക്കുന്നു.

റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളിലെ ദിവസ വേതനം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണ്. സംസ്ഥാനത്ത് 85 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിശ്ചയിച്ചു. അസംഘടിത തൊഴിലാളികളടക്കമുള്ള 70 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളിലൂടെയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലൂടെയും 9,080 കോടിയിലധികം രൂപ വിതരണം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ തൊഴിലുടമകളുമായി സൗഹൃദപരമായ ഇടപെടലുകള്‍ നടന്നുവരുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ബെനഫിറ്റ്, സുരക്ഷിതമായ രാത്രി ജോലി, ടെക്‌സ്‌റ്റൈല്‍ മേഖലയിലടക്കമുള്ള ആധുനിക തൊഴില്‍ സൗകര്യങ്ങള്‍ എന്നിവ നടപ്പിലാക്കി.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് ചികിത്സാസഹായം, താമസസൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവകാശങ്ങളെ പോലെ കടമകളെ കുറിച്ചും ബോധവാന്മാരാണ് കേരളത്തിലെ തൊഴിലാളികള്‍. തൊഴിലാളി സംഘടനകള്‍ ആകെ നോക്കുകൂലി അടക്കമുള്ള പിന്തിരിപ്പന്‍ രീതികളെ തള്ളിക്കളയുന്നു. എന്നിട്ടും കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ കേന്ദ്ര ധനമന്ത്രി സംസാരിച്ചത് നിഷ്‌കളങ്കമാണെന്ന് കരുതാനാകില്ല.

കേന്ദ്ര ധനമന്ത്രിയുടെ ഇപ്പോഴത്തെ നോട്ടവും വാക്കും എല്ലാം കമ്മ്യൂണിസ്റ്റ് വിരോധം നിറഞ്ഞതും കേരള വിരുദ്ധവും ആണ്. ആ ചിന്തയില്‍ നിന്നാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുന്നത്. കേരളത്തിലെ തൊഴിലന്തരീക്ഷം നേരിട്ട് മനസ്സിലാക്കാന്‍ ധനമന്ത്രിയെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ പ്രമുഖരടക്കം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് നിര്‍മലാ സീതാരാമന്‍ എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News