
2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന സാമ്പത്തിക സര്‍വെ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പാര്‍ലമെന്റില്‍വെച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശനിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സർവേ വിവരങ്ങൾ അവതരിപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ വളര്‍ച്ചാ അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സര്‍ക്കാരിന്റെ കണക്കുകള്‍.
ആഭ്യന്തര സാമ്പത്തിക അടിസ്ഥാനം ശക്തിപ്പെടുത്തുന്നതിന് തൊഴിലില്ലായ്മ കുറക്കുക, പണപ്പെരുപ്പം സ്ഥിരപ്പെടുത്തുക, മറ്റ് സാമ്പത്തിക പരിഷ്‍കാരങ്ങൾ ആവിഷ്‍കരിക്കുക തുടങ്ങിയവയും സർവേയിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോടെ ‘വിക്ഷിത് ഭാരത്’ എന്ന സാമ്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കലാണ് ലക്ഷ്യം. ഇതിനായി എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്നും സർവേയില്‍ പറയുന്നു. ദുര്‍ബലമായ നിര്‍മാണ മേഖലയും മന്ദഗതിയിലുള്ള കോര്‍പറേറ്റ് നിക്ഷേപങ്ങളും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ച 6.4 ശതമാനത്തിലേക്ക് ചുരുക്കിയിരുന്നു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കോവിഡ് പടർന്നു പിടിച്ച 2020-21 വർഷത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് പ്രതീക്ഷിക്കുന്ന 6.3 ശതമാനം മുതൽ 6.8 ശതമാനം വരെയുള്ള ജിഡിപി നിരക്ക്. കോവിഡ് സമയത്ത് ഇന്ത്യയിൽ 5.8 ശതമാനം നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
ശക്തമായ സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഏകീകരണം, സ്ഥിരതയുള്ള സ്വകാര്യ ഉപഭോഗം എന്നിവയിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്ത് കാണിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങള്‍, റഷ്യ-യുക്രെൈന്‍ സംഘര്‍ഷം തുടങ്ങിയ അന്താരാഷ്ട്ര പ്രതിസന്ധികള്‍ നിലനില്‍ക്കുണ്ടെന്നും സർവേ യില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here