ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ്

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ലാതെ രാജ്യത്തെ പല മേഖലകളെ അവഗണിച്ചുകൊണ്ടാണ് ഇത്തവണ നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.

പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് നിര്‍മല സീതാരാമന്‍ അവകാശപ്പെടുമ്പോഴും അതിന്റെ ആധികാരികത യെത്രത്തോളമാണ് എന്നത് ഒരു ചോദ്യേം തന്നെയാണ്. ആത്മീയ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കും.

തുറമുഖ കണക്ടിവിറ്റിക്കായി കൂടുതല്‍ പദ്ധതികളും വിമാനത്താവള വികസനവും തുടരും. നിലവിലുള്ള വിമാനത്താവളങ്ങള്‍ വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. അതോടൊപ്പം ഇ വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചയായും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ പുതിയ നികുതി നിര്‍ദേശമില്ല.

എന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്നും ബജറ്റില്‍ നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്തുമെന്നായിരുന്നു മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന വലിയ പ്രഖ്യാപനം. എന്നാല്‍ ഈ ബജറ്റില്‍ സര്‍ക്കാരെ പാടെ മറന്നുകൊണ്ട് രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും സ്വകാര്യവത്കരിക്കുന്ന പ്രഖ്യാപനമാണ് നിര്‍മല സീതാരാമന്‍ ബജറ്റില്‍ നടത്തിയത്.

ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ പ്രഖ്യാപിച്ചു. ലോക നിലവാരത്തില്‍ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനമൊരുക്കുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പുതിയ മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പറഞ്ഞു. നിലവിവുള്ള 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.

നിര്‍മല സീതാരമന്റെ ബജറ്റിന്റെ സാമ്പത്തിക വിദഗ്ധര്‍ നോക്കിക്കാണുന്നത് മറ്റൊരു തലത്തിലാണ്. കാരണം, രാജ്യത്തെ പല മേഖലകളിലേയും വികസനത്തേയോ പദ്ധതികളേയോ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ഇനിയും പല പദ്ധതികള്‍ ,അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കുന്ന പ്രകടന പത്രികയിലുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ,

2047 ല്‍ വികസിത ഭാരതം ലക്ഷ്യം . 25 കോടി ജനങ്ങള്‍ക്ക് ദാരിദ്രമുക്തി നല്‍കി. ഗ്രാമീണതലത്തില്‍ വികസന പദ്ധതികള്‍

അമൃത കാലത്തിന് ശക്തമായ അടിത്തറയിട്ടു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം ലക്ഷ്യം.

ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി . രാജ്യത്ത് 35 കോടി പി എം ജന്‍ധന്‍ അക്കൗണ്ടുകള്‍.

ജനങ്ങളുടെ വരുമാനം കൂടി. തൊഴില്‍ വര്‍ധിച്ചു. . കര്‍ഷകര്‍ക്ക് സഹായം

വിലക്കയറ്റം നിയന്ത്രിക്കാനായിഒരു രാജ്യം ,ഒരു മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തില്‍ ജിഎസ്ടിക്ക് വലിയ പങ്ക്

നിക്ഷേപ സൗഹൃദരാജ്യമായി മാറി. ആളോഹരി വരുമാനത്തില്‍ 50 ശതമാനം വര്‍ധനവ്

കാര്‍ഷീക രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകര്‍ പ്രയോജനപ്പെടുത്തി

സ്ത്രീകള്‍ക്ക് മുദ്രാലോണ്‍വഴി 30 കോടി .വികസനം എല്ലാ വിഭാഗങ്ങളിലും എത്തി.80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനായി

വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം

4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു.

ഇടത്തരക്കാര്‍ക്ക് ഭവനപദ്ധതി. പിഎംവൈഎ പദ്ധതിയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 2 കോടി വീടുകള്‍ കൂടി. 3 കോടി വീടുകര്‍ നിര്‍മ്മിച്ചു

ഒരു കോടി വീടുകര്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ്ജ വൈദ്യുതി

കാര്‍ഷീക മേഖലയില്‍ സ്വകാര്യ വത്കരണം. ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമപദ്ധതി.

മത്സ സമ്പത്ത് പദ്ധതി വിപുലമാക്കും. 2014 ന്‌ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു . മത്സ ഉലപ്പന്ന മേഖലയില്‍ തൊഴിലവസരം.

അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ പദ്ധതി

ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പുതിയ പദ്ധതികള്‍. ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്തും.

മുത്തലാഖ് നിരോധിച്ചതും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.

ഒരുലക്ഷം രൂപയുടെ കോര്‍പ്പസ് ഫണ്ട് വഴി യുവാക്കള്‍ക്ക് കുറഞ്ഞപലിശയില്‍ വായ്പ

മൂന്ന് പുതിയ റെയില്‍വേ ഇടനാഴികള്‍ . 40000 ട്രെയിന്‍ ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലുയര്‍ത്തും

ജനസംഖ്യാ വര്‍ധന പഠിക്കുവാന്‍ ഉന്നതതല സമിതി

ലോക നിലവാരത്തില്‍ ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം . ടൂറിസം വികസനത്തിന് പലിശരഹിത വായ്പ

ലക്ഷദ്വീപില്‍ ടൂറിസം വികസനം. തൊഴിലവസരങ്ങള്‍ ഏറും

സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും.

പുതിയ നികുതി നിര്‍ദേശമില്ല. നികുതിയില്‍ മാറ്റമില്ല. ആദായ നികുതിയിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News