10 വർഷത്തിനിടെ പൂട്ടുവീണത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകള്‍ക്ക്; ഇതോ മോദി പറഞ്ഞ അച്ഛാദിൻ?

government schools closure India

മോദി പറഞ്ഞ അച്ഛാദിൻ ഇതാ ഇന്ത്യയിലെ സ്കൂളുകൾക്കും വന്നിരിക്കുന്നു. പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ അടിത്തറയ്ക്ക് തന്നെ ആപ്പുവയ്ക്കുന്ന ബിജെപിയുടെ ഭരണനേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി. അതെ, മോദി ഭരണത്തിൽ രാജ്യത്ത്‌ പൂട്ടിയത് ഒരു ലക്ഷത്തോളം സർക്കാർ സ്‌കൂളുകൾ. വെറുതെ പറയുന്നതല്ല, നീതി ആയോഗിന്റെ റിപ്പോർട്ടാണ്.

വെള്ളമില്ലാതെ, ടോയ്‌ലറ്റുകളില്ലാതെ, വൈദ്യുതിയില്ലാതെ, ലാബുകളില്ലാതെ, അധ്യാപകരില്ലാതെ എന്തിനേറെ വിദ്യാർത്ഥികൾ പോലുമില്ലാതെ എത്രയോ ആയിരം സ്കൂളുകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ സ്കൂളുകൾക്കുണ്ടായ വികസന വിപ്ലവം നേരിൽക്കണ്ടവരാണ് നമ്മൾ. സ്കൂളുകൾ ലോകോത്തര-ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നതോടെ സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർഥികളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ രാജ്യമൊട്ടുക്കും സ്ഥിതി ഇതാണോ? അല്ല. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ജീവശ്വാസത്തിനായി പെടാപ്പാടുപെടുകയാണ് സർക്കാർ സ്കൂളുകൾ.

2014–15ലെ കണക്ക് പ്രകാരം 11.07 ലക്ഷം സർക്കാർ സ്‌ക‍ൂളുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്‌. എന്നാൽ 2024–25ലേക്കെത്തുമ്പോൾ അത് 10.13 ലക്ഷമായി കുറഞ്ഞു. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പ്രൈമറി ക്ലാസുകൾക്ക് ശേഷം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തോട് ബൈബൈ പറയുന്നത് പതിവ് കാഴ്ചയായി മാറുന്നു. രാജ്യത്ത് എൻറോൾമെന്റ് പൂജ്യമായ ഏകദേശം 7,993 സ്കൂളുകളുണ്ട്. പശ്ചിമ ബംഗാളിലാണ് ഇത് ഏറ്റവും കൂടുതൽ. തൊട്ടുപിന്നിൽ തെലങ്കാനയുമുണ്ട്.

മറുവശത്ത് സ്വകാര്യ സ്കൂളുകൾ കൂണുകൾ പോലെ പൊങ്ങി.10 വർഷംമുമ്പ്‌ ആകെ സ്‌കൂളുകളുടെ 73 ശതമാനവും സർക്കാർ ഉടമസ്ഥതയിലായിരുന്നെു. 2025ൽ അത്‌ 68.9 ശതമാനമായി കുറഞ്ഞു. എയ്‌ഡഡ്‌ സ്‌ക‍‍‍ൂളുകളുടെ കാര്യത്തിലും ഈ കുറവുണ്ട്. 2014–15ൽ, ആകെ സ്‌കൂളുകളുടെ 5.5 ശതമാനം, അതായത് 0.83 ലക്ഷം എയ്‌ഡഡ്‌ സ്‌കൂളുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2024–25ൽ 0.79 ലക്ഷമായി കുറഞ്ഞു. സ്വകാര്യ സ്‌ക‍ൂളുകളുടെ എണ്ണത്തിൽ നാല്‌ ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ 10 വ‌ർഷത്തിനിടെ ഉണ്ടായത്. 2.88 ലക്ഷത്തിൽനിന്ന്‌ 3.39 ലക്ഷമായി സ്വകാര്യ സ്‌കൂളുകളുടെ എണ്ണം മാറി.

കേരളത്തിലെ സർക്കാർ സ്കൂളുകളുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത നിലയിലാണ് മറ്റിടങ്ങളിലെ സ്കൂളുകളുടെ അവസ്ഥ. 1.19 ലക്ഷം സ്‌കൂളുകളിൽ വൈദ്യുതിയില്ല. ശുചിമുറിയില്ലാത്തത് 98,592 സ്‌കൂളുകളിൽ. 61,540 ഇടത്ത്‌ ഉള്ള ശുചിമുറികൾ ഉപയോഗയോഗ്യമല്ല. വെള്ളം പോലുമില്ലാതെ 14,505 സ്കൂളുകൾ, 59,829 ഇടത്ത്‌ കൈകഴുകാൻ പോലുമുള്ള സ‍ൗകര്യമില്ല. ഹയർ സെക്കൻഡറി സ്‌കൂ‍ളുകളിൽ 51.7 ശതമാനവും പ്രവർത്തിക്കുന്നത്‌ ലാബില്ലാതെയാണ്‌.

ALSO READ: അമ്പലപ്പുഴയിലെ മെമ്പർക്ക് നിയമസഭയിൽ രണ്ട് സീറ്റ് അനുവദിക്കേണ്ടി വരുമോ?

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥി–അധ്യാപക അനുപാതത്തെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 1,04,125 സ്‌ക‍ൂ‍ളുകളിൽ പഠിപ്പിക്കാനുള്ളത് ഒരു അധ്യാപകൻ മാത്രം.  ഈ സ്കൂളുകളിൽ ഏകദേശം 89 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുള്ളത്‌ ബിഹാറിലാണ്‌,  2.08 ലക്ഷം. ജാർഖണ്ഡും മധ്യപ്രദേശും പട്ടികയിൽ പിന്നാലെയുണ്ട്. സർക്കാർ സ്കൂളുകളിലെ അധ്യാപകരിൽ 10 മുതൽ 15 ശതമാനം പേർക്ക് മാത്രമാണ് അവർ പഠിപ്പിക്കുന്ന വിഷയത്തിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങാനായുള്ളൂ. പല സ്വകാര്യ സ്കൂളുകളിലും യോഗ്യതയില്ലാത്ത അധ്യാപകരാണ് പ്രവർത്തിക്കുന്നത്.

 സ‍ൗകര്യങ്ങളിലും പഠനമികവിലും കേരളം മുന്നിലാണെന്ന് നിതി ആയോഗ് റിപ്പോർട്ട് അടിവരയിടുന്നു. കഴിഞ്ഞ 10 വർഷത്തെ ഇടതുസർക്കാ‌രിന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ അടിസ്ഥാനം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News