നിയമസഭയിലെ വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച സംഭവം: പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ സസ്‌പെൻഡ് ചെയ്യണം

നിയമസഭയിലെ വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ.അസോസിയേഷൻ ദേശീയ പ്രസിഡന്റ്‌ പി കെ ശ്രീമതിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരക്കാർ സഭയിലിരിക്കുന്നത്‌ അപമാനമാണെന്നും ലൈംഗികാതിക്രമണം ഉണ്ടായെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഉന്തിലും തള്ളിലും പെട്ടുണ്ടായ സാധാരണ അപകടമല്ല അവർക്കുണ്ടായത്‌. കരുതിക്കൂട്ടിയുള്ള കനത്ത ആക്രമണത്തിനാണ്‌ വനിതാ ജീവനക്കാർ ഇരയായത്‌. നടുവിനും കൈകൾക്കും അടക്കം ഗുരുതര പരുക്കാണ്‌ ഏറ്റത്‌. സഭയിലെ വാച്ച്‌ ആൻഡ്‌ വാർഡുകളായ വിളപ്പിൽ സ്വദേശി നീതു, പേയാട്‌ സ്വദേശി മാളവിക, വികാസ്‌ഭവൻ പൊലീസ്‌ ക്വാർട്ടേഴ്‌സിലെ അഖില എന്നിവരെ നേരിട്ട്‌ സന്ദർശിച്ചു. നടുവിന്‌ ഗുരുതര ചതവേറ്റ നീതുവിന്‌ രണ്ടാഴചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്‌. മാളവികയാകട്ടെ കൈയ്‌ക്ക്‌ ഏറ്റ പരുക്ക്‌ കാരണം രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത സാഹചര്യത്തിലാണ്‌. വൃക്കമാറ്റ ശസ്‌ത്രക്രിയയ്ക്ക്‌ കാത്തിരിക്കുന്ന ഭർത്താവിനൊപ്പം കഴിയുന്ന അഖില നേരിട്ടതും ക്രൂര ആക്രമണമാണ്‌.

ഇന്നുവരെ ഇത്തരമൊരു ആസൂത്രിക ആക്രമണം വനിതാ പൊലീസുകാർക്കെതിരെ സഭയിൽ ഉണ്ടായിട്ടില്ല. ഇവരെ ശാരീരികമായി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കുക മാത്രമല്ല അവരെ സഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇതാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അസോസിയേഷൻ നിവേദനവും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News