
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയൻ്റെ മരുമകൾ പത്മജ. നേതൃത്വം പൂർണമായും വഞ്ചിച്ചുവെന്നും കോൺഗ്രസ് കാരണം ജീവിതം തകർന്നുവെന്നും പത്മജ കൈരളി ന്യൂസിനോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ ഉള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് പത്മജ രംഗത്ത് വന്നിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി വീട്ടിലെത്തി കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. എൻ എം വിജയൻ്റെ വിഷയത്തിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷണനെ ഇനി മത്സരിപ്പിക്കില്ലെന്നും വാക്ക് നൽകിയിരുന്നതായി പറയുന്നു. കുടുംബത്തിന്റെ രണ്ടര കോടി രൂപയുടെ ബാധ്യതകൾ കോൺഗ്രസ് തീർക്കുമെന്നും, പണത്തെക്കുറിച്ച് ഒട്ടും വിഷമിക്കാതെ സമാധാനത്തോടെ ജീവിക്കണമെന്നും പ്രിയങ്ക ഗാന്ധി വാക്ക് നൽകിയിരുന്നതായും പത്മജ പറഞ്ഞു. എന്നാൽ അതെല്ലാം കേവലം വാക്കുകൾ മാത്രമായി.
തുകയെക്കുറിച്ച് ചോദിച്ചപ്പോൾ കെപിസിസിയിൽ ഫണ്ടില്ലെന്ന മറുപടിയാണ് ടി സിദ്ധിഖ് എംഎൽഎയും അനിൽകുമാർ എംഎൽഎയും നൽകിയത്. പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിൽ വന്ന സമയത്ത് ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഒരു കരാർ തയ്യാറാക്കിയിരുന്നു. എന്നാൽ ആ കരാർ വക്കീലിന്റെ ഓഫീസിൽ സൂക്ഷിക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം സിദ്ദിഖ് എംഎൽഎയുടെ പിഎ അവിടെ നിന്നും അത് കൈക്കലാക്കിയതായി പത്മജ പറഞ്ഞു. ഐസി ബാലകൃഷ്ണൻ പലർക്കും ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ പണം തിരിച്ചു നൽകാനാണ് എൻ എം വിജയന് തന്റെ വസ്തുവകകൾ പണയപ്പെടുത്തി കടം വാങ്ങേണ്ടി വന്നത്.
ഐസി ബാലകൃഷ്ണൻ തന്നെ ഭീഷണിപ്പെടുത്തിയതായും, അടുത്ത തവണ മന്ത്രിയാകുമെന്നും കൂടുതൽ കളിക്കരുതെന്നും പറഞ്ഞതായി പത്മജ വെളിപ്പെടുത്തുന്നു. സത്യങ്ങൾ വിളിച്ചുപറയുന്ന പത്മജയ്ക്കെതിരെ ക്രൂരമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, താൻ ഐസി ബാലകൃഷ്ണന് മൂന്ന് തവണ വോട്ട് ചെയ്ത കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും അവർ കൈരളീ ന്യൂസിനോട് പറഞ്ഞു. നിലവിൽ 1.6 കോടി രൂപയുടെ ബാധ്യത കൂടി ബാക്കിയുണ്ടെന്നും, വിജയേട്ടന്റെ മക്കളെ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാക്കൾ ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്നും പത്മജ പറഞ്ഞു. കുടുംബത്തിന്റെ ജീവിതം പൂർണ്ണമായും തകർന്നുപോയതായും, സ്ട്രോക്ക് വന്ന് ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായതായും അവർ വിഷമത്തോടെ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

