ബ്രിട്ടീഷ് രാജഭരണം വേണ്ട റിപ്പബ്ലിക്ക് വരണം; സർവ്വേ റിപ്പോർട്ട്

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി മാറിയെങ്കിലും ഓസ്ട്രേലിയ, കാനഡ അടക്കമുള്ള 14 രാജ്യങ്ങൾ ബ്രിട്ടീഷ് രാജാവിനു കീഴിൽ ഡൊമിനിയനുകളായാണ് തുടരുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റിപ്പബ്ലിക്കായി മാറിയപ്പോൾ ബ്രിട്ടീഷ് രാജഭരണത്തെ രാഷ്ട്രത്തലപ്പത്ത് പ്രതിഷ്ഠിക്കുകയായിരുന്നു ഈ രാജ്യങ്ങളെല്ലാം. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിൽ അതൃപ്തി കടുപ്പിക്കുകയാണ് അവിടങ്ങളിലെ ജനങ്ങൾ. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതാവ് മൈക്കൽ ആഷ്ക്രോഫ്റ്റ് സംഘടിപ്പിച്ച സർവ്വേയിൽ ആകെയുള്ള 14 രാജ്യങ്ങളിലെ ഓസ്ട്രേലിയയും കാനഡയും അടക്കം 6 രാജ്യങ്ങളിലെ ജനങ്ങൾ ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് വിടുതൽ വേണമെന്നാണ് ആവശ്യപ്പെടുന്നത്.

ഓസ്ട്രേലിയയിൽ 42% ജനങ്ങളും റിപ്പബ്ലിക് ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ 35 ശതമാനത്തിന് മാത്രമാണ് രാജഭരണത്തെ അംഗീകരിക്കാനുള്ള താല്പര്യം. കാനഡയിലെ ജനങ്ങൾ 47 ശതമാനവും ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലപ്പത്തു നിന്ന് ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. രാജഭരണം വേണമെന്നുള്ള ആവശ്യം 23 ശതമാനത്തിന് മാത്രം. ബഹാമസും സോളമൻ ദ്വീപസമൂഹവും ജമൈക്കയും ആൻ്റിഗ്വ ബർബുഡയും ആവശ്യപ്പെടുന്നതും ഇതുതന്നെ. രാജഭരണം വേണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നത് ന്യൂസിലൻഡും ചില ചെറിയ ദ്വീപരാഷ്ട്രങ്ങളും.

കോളനിവൽക്കരണത്തിന്റെ ബാക്കിയും തുടരുന്ന വംശീയതയുമൊക്കെ രാജഭരണത്തെ കൈവിടാൻ കാരണമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് ആറിന് രാജാവ് ചാൾസിന്റെ കിരീടധാരണ ചടങ്ങിനിടയിൽ റിപ്പബ്ലിക് വേണമെന്ന ആവശ്യം ഉയർത്തി വൻ ജനകീയ പ്രതിഷേധം ഉടലെടുക്കുമോ എന്നും ഭരണകൂടം ഭയക്കുന്നുണ്ട്. രാജഭരണം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം ജനങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഇൻറലിജൻസ് റിപ്പോർട്ട് പങ്കുവെക്കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here