കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്നും ഇത്തരം നീക്കങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സഹകരണ വകുപ്പുമന്ത്രി വിഎന്‍ വാസവന്‍. സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഹകാരികളുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകള്‍ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതാണ്. പ്രതികളായ എഴു പേരെ സസ്‌പെന്‍ഡ് ചെയ്ത് അവരുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി. ഭരണ സമിതി പരിച്ചു വിട്ട് മുഴുവന്‍ ഭരണ സമിതി അംഗങ്ങളെയും കേസില്‍ പ്രതികളാക്കി. 26 ഓളം പ്രതികളുടെ പേരില്‍ 16 എഫ്‌ഐആറുകള്‍ ക്രൈബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളുടെ സ്വത്തു വകകള്‍ കണ്ടു കെട്ടാനുള്ള നടപടികളും സ്വീകരിച്ചു.

73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ കൊടുത്തു. 110 കോടിയുടെ നിക്ഷേപം 50 ശതമാനം പലിശയും നിക്ഷേപത്തിന്റെ ഒരു വിഹിതവും നല്‍കി പുനഃക്രമീകരിച്ചു. അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണ വായ്പയും സമീപ കാലയളവില്‍ ബാങ്ക് നല്‍കുകയുണ്ടായി. ഇത്തരത്തില്‍ ബാങ്ക് സാധാരണ നിലയിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് ഇഡി കയ്യേറ്റ നടപടികളുമായി കടന്നു വരുന്നത്. 162 ആധാരങ്ങളും അക്കൗണ്ടിംഗ് ബുക്കും ഡേ ബുക്കും അവര്‍ ബാങ്കില്‍ നിന്ന് എടുത്തുകൊണ്ടുപോയി. ഇതോടെ ബാങ്കിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇത്തരത്തില്‍ കയ്യേറ്റം നടത്താന്‍ ആരാണ് ഇഡിക്ക് അധികാരം നല്‍കിയത്. ഇഡിയുടെ നടപടി ശരിയല്ലെന്നും ആധാരങ്ങള്‍ തിരിച്ചു നല്‍കണമെന്നും ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണ്.

ALSO READ: കേരളത്തെ സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാൻ

അടുത്തിടെ രാജ്യത്തെ 282 ക്രെഡിറ്റ് സഹകരണ സംഘങ്ങളില്‍ റിസര്‍വ് ബാങ്ക് ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഗുജറാത്ത് 30, മഹാരാഷ്ട്ര 99, യുപി 45, മധ്യപ്രദേശ് 40 എന്നിങ്ങനെ ഭൂരിഭാഗം ബങ്കുകളും ഉള്‍പ്പെട്ടിരുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടേക്കൊന്നും ഇഡി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍ എല്ലാ നടപടികളും സ്വീകരിച്ച കരുവന്നൂര്‍ ബാങ്കിലേക്ക് രാഷ്ട്രീയ പ്രേരിതമായി കയ്യേറ്റം നടത്തുകയാണ്.

സഹകരണ മേഖലയില്‍ ക്രമക്കേടുകള്‍ സമയബന്ധിതമായി കണ്ടെത്താന്‍ നിയമ ഭേദഗതിയുള്‍പ്പെടെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 56 നിയമ ഭേദഗതികളാണ് ഇതിനായി കൊണ്ടു വന്നത്. സഹകരണ സംഘങ്ങളിലെ പരിശോധന കര്‍ശനമാക്കും. കണ്‍കറന്റ് ഓഡിറ്റിംഗ് മാറ്റി ടീം ഓഡിറ്റിംഗ് കൊണ്ടു വരുകയാണ്. ഭരണ സമിതിയില്‍ മൂന്നു ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് ഇരിക്കാനാവില്ല. 40 വയസിന് താഴെയുള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഭരണ സമിതിയില്‍ ഉറപ്പായും ഉണ്ടായിരിക്കണം എന്നീ നിര്‍ദ്ദേശങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സഹകരണ മേഖലയെ സംരക്ഷിച്ചു നിര്‍ത്തുമെന്നുള്ള പ്രതിജ്ഞ ചൊല്ലിയ സഹകാരികള്‍ ജില്ലയിലെ നാല് താലൂക്കുകള്‍ കേന്ദ്രീകരിച്ച് സഹകരണ സംരക്ഷണ സമിതികള്‍ രൂപീകരിക്കാനും ഒക്ടോബര്‍ 19ന് മുതലക്കുളം കേന്ദ്രീകരിച്ച് ഇന്‍കംടാക്‌സ് ഓഫീസിലേക്ക് ധര്‍ണ്ണ നടത്താനും തീരുമാനിച്ചു. ചടങ്ങില്‍ സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ ജി.സി. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷണന്‍ എംഎല്‍എ, പി.മോഹനന്‍ മാസ്റ്റര്‍ (സിപിഎം), സി.എന്‍. വിജയകൃഷ്ണന്‍ (സിഎംപി), മനയത്ത് ചന്ദ്രന്‍ (എല്‍.ജെഡി), ഇ.കെ. രാജന്‍ മാസ്റ്റര്‍ (സിപിഐ), പി.എം. സുരേഷ് ബാബു (എന്‍സിപി), കാദര്‍ മാസ്റ്റര്‍ (ഐയുഎംഎല്‍), ഉമാനാഥന്‍ (കാരന്നൂര്‍ ബാങ്ക് പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു. സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ എം.മെഹബൂബ് സ്വാഗതവും പാക്‌സ് അസോസിയേഷന്‍ കോഴിക്കോട് സര്‍ക്കിള്‍ ചെയര്‍മാന്‍ ടി.പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ALSO READ: എസ്എഫ്ഐ യുടെ ചരിത്ര മുന്നേറ്റം: എം ജി സർവ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 112 കലാലയങ്ങളില്‍ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News