‘എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല’; ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ചെന്നിത്തലയുടെ പരിഭവം

Ramesh Chennithala

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരിഭവവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് ചെന്നിത്തലയുടെ പ്രതികരണം. താൻ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും തന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഭവം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ ചെന്നിത്തലയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ചില മാധ്യമങ്ങൾ വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിളിച്ചിരുന്നു. ഇതേകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. താൻ പ്രതിപക്ഷനേതാവായിരുന്ന സമയം ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ തന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലല്ലോ. എത്രയോ ഉപതെരഞ്ഞെടുപ്പ് താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജയിച്ചു. അന്ന് ആരും ക്യാപ്റ്റൻ എന്നുള്ള പദവി തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിൾ സ്റ്റാൻഡ് എന്ന് പറയുന്നത്. തീർച്ചയായും പ്രതിപക്ഷനേതാവിന് ഈ വിജയത്തിൽ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതിൽ സംശയമില്ല. പക്ഷേ താൻ വിജയിച്ചപ്പോൾ തന്നെ ആരും ക്യാപ്റ്റനും ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അന്നൊന്നും തനിക്ക് ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നൽകിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതിലൊന്നും പരാതിയില്ല. തനിക്ക് മാത്രമല്ല, ഉമ്മൻചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നൽകിയില്ലെന്നും ചെന്നിത്തല പറ‍ഞ്ഞു. താനും ഉമ്മൻചാണ്ടിയും ജയിച്ച കാലഘട്ടത്തിൽ തങ്ങൾക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നമ്മൾ ഒക്കെ എത്രയോ കാലമായി രാഷ്ട്രീയത്തിൽ നിൽക്കുന്നു. ഒരു മാധ്യമങ്ങളുടെയും പിന്തുണയോടെ അല്ലല്ലോ നമ്മൾ നിൽക്കുന്നത്- ചെന്നിത്തല പറഞ്ഞു.

വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് പുകഴ്ത്തുന്നതിൽ കടുത്ത അതൃപ്തിയാണ് ചെന്നിത്തലയുടെ വാക്കുകളിലുള്ളത്. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാ​ഗവും ലീ​ഗിന് ആണെന്നും ചെന്നിത്തല പറഞ്ഞുവെക്കുന്നുണ്ട്. കോൺ​ഗ്രസിന്റെ പ്രവർത്തനത്തേക്കാൾ മികച്ചു നിന്നത് ലീ​ഗ് ആണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മുസ്ലിം ലീ​ഗിനും സാദിഖലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കുമാണ് ബി​ഗ് സല്യൂട്ട് നൽകേണ്ടത്. കോൺ​ഗ്രസ് നേതാക്കൻമാരേക്കാൾ മുന്നിൽ നിന്നുകൊണ്ടാണ് ഇവർ പ്രവർത്തിച്ചത്. വീടുവീടാന്തരം കയറിയിറങ്ങാൻ കുഞ്ഞാലിക്കുട്ടി തയാറായെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News