
രാജ്യതലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരാന്‍ പോകുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍നിന്നുള്ള അന്തിമാനുമതി ലഭിച്ചതോടെ ജൂണ്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിമാനത്താവള അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഇന്‍ഡിയോയുടെ വിമാനമാണ് നോയിഡ വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുക. റൂട്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. പിന്നീട് ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികളും സര്‍വീസ് തുടങ്ങും. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാണ് ഇവിടെനിന്ന് ഉണ്ടാകുക. വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കുമെന്നാണ് സൂചന. ആദ്യവര്‍ഷം 60 ലക്ഷത്തോളം യാത്രക്കാരെ ലഭിക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.
Also Read: ദില്ലിയില്‍ ഇ-റിക്ഷ യാത്ര ഇനി കൈ പൊള്ളും; ഈമാസം മുതല്‍ നിരക്ക് വര്‍ധിക്കും
ഈവര്‍ഷം മാര്‍ച്ച് 28നാണ് ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ നോയിഡയിലെ ജേവാറില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. തുടക്കത്തില്‍ സ്വിസര്‍ലാന്‍ഡ് പൗരനായ ക്രിസ്റ്റോഫ് ഷ്‌നെല്‍മാനായിരുന്നു വിമാനത്താവളത്തിന്റെ സി.ഇ.ഒ. എന്നാല്‍, വിദേശ പൗരന്‍ സി.ഇ.ഒയായ വിമാനത്താവളത്തിനു അന്തിമാനുമതി നല്‍കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിസമ്മതിച്ചു. ഇതോടെ ഷ്‌നെല്‍മാനെ നീക്കി പകരം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ നിതു സാമ്രയയെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചു. ഇതിനുശേഷമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍നിന്ന് അന്തിമാനുമതി ലഭിച്ചത്. നിലവില്‍, 3900 മീറ്റര്‍ നീളമുള്ള ഒരു റണ്‍വേയാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ഭാവിയില്‍ വിമാനത്താവളം വികസിപ്പിക്കുന്നതോടെ റണ്‍വേകളുടെ എണ്ണം ആറായി ഉയരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

